ജോണ്സണ് വേങ്ങത്തടം
കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപി അഖിലേന്ത്യാ അധ്യക്ഷന്‍ ജെ.പി. നഡ്ഡ കേരളത്തിലെത്തുന്നതു ബിജെപിയുടെ പടയൊരുക്കത്തിനു തുടക്കം കുറിക്കാന്‍.
ഇന്നു തിരുവനന്തപുരത്തെത്തുന്ന അദേഹം ബിജെപി സ്വീകരിക്കേണ്ട സുപ്രധാന തന്ത്രമെല്ലാം ഒരുക്കിയിയശേഷമേ തിരിച്ചു പോകുന്നുള്ളൂ.
സംസ്ഥാനനേതാക്കളെ മാത്രമല്ല, സമുദായനേതാക്കളെയും സന്ദര്‍ശിച്ചു ഭൂരിപക്ഷ സമുദായവോട്ടുകള്ക്കൊപ്പം ന്യൂനപക്ഷ സമുദായവോട്ടും ലക്ഷ്യം വച്ചാണ് നദ്ദയുടെ കേരളസന്ദര്‍ശനം.
കേരളനിയമസഭയില്‍ അക്കൗണ്ട് തുറന്ന ബിജെപി ഒരു സീറ്റല്ല, പകരം കുറഞ്ഞതു 15 സീറ്റാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് അറിയിച്ചു കഴിഞ്ഞു. കരുത്തരായ സ്ഥാനാര്‍ഥികളെ കണ്ടെത്തി മത്സരിപ്പിക്കും.
ഇതില്‍ സിനിമതാരങ്ങളും ഐഎഎസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടും. ഇതു കൂടാതെ സമുദായനേതാക്കളെ പ്രത്യേകിച്ചു ന്യൂനപക്ഷ സമുദായനേതാക്കളെയും ബിജെപി സ്ഥാനാര്‍ഥികളാക്കണമെന്ന ആഗ്രഹവും പാര്‍ട്ടി ദേശീയനേതൃത്വം പങ്കുവയ്ക്കുന്നു.
പരിഗണിക്കുന്നത് പ്രമുഖരെ
സംസ്ഥാനത്ത് ബിജെപിക്ക് വിജയ പ്രതീക്ഷയുള്ള അഞ്ച് എ കാറ്റഗറി മണ്ഡലങ്ങളാണ് ഉള്ളത്. നേമത്തെ സിറ്റിംഗ് സീറ്റും ഒപ്പം കൊല്ലം, പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളിലാണ് ബിജെപി പ്രതീക്ഷ പുലര്‍ത്തുന്നത്.
നടനും എംപിയുമായ സുരേഷ് ഗോപി, മുന്‍ ഡിജിപി ജേക്കബ് തോമസ്, നടന് കൃഷ്ണകുമാര്‍ തുടങ്ങിയ പ്രമുഖരെ ബിജെപി പരിഗണിക്കുന്നുണ്ട്. അതേസമയം പാര്‍ട്ടി നേതാക്കളെ മത്സരിപ്പിക്കുകയാണെങ്കില്‍ തന്നെ കര്‍ശന നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും സ്ഥാനാര്‍ഥി നിര്‍ണയം.
നിലവില്‍ മുതിര്‍ന്ന ബിജെപി നേതാവും മുന്‍ പാര്‍ട്ടി അധ്യക്ഷനുമായ കുമ്മനം രാജശേഖരന്, ദേശീയ എക്സിക്യൂട്ടീവ് അംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.ടി. രമേശ്, സി. കൃഷ്ണകുമാര്‍, എ.എന്‍. രാധാകൃഷ്ണന് എന്നിവര്‍ സ്ഥാനാര്‍ഥികളായേക്കും.
അതേസമയം കേന്ദ്ര മന്ത്രി വി. മുരളീധരന്റെ കാര്യത്തിലും സംസ്ഥാന അധ്യക്ഷന്‍ സുരേന്ദ്രന്റെ കാര്യത്തിലും അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്.
വി. മുരളീധരന് കാട്ടാകട മണ്ഡലത്തില്‍നിന്ന് മത്സരിക്കണമെന്നാണ് പാര്‍ട്ടി നേതാക്കളുടെ ആവശ്യം. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കാന്‍ തയാറാണെന്ന് മുരളീധരനും വ്യക്തമാക്കിയിരുന്നു. കെ. സുരേന്ദ്രന് മത്സരിച്ചാല്‍ അതു പാര്‍ട്ടിക്കു തിരിച്ചടിയാകുമെന്ന വിലയിരുത്തലുണ്ട്.
അദേഹം പ്രധാനപ്രചാരകനായി മാറും. സംസ്ഥാനം മുഴുവന്‍ മണ്ഡലങ്ങളിലും കെ. സുരേന്ദ്രന് പ്രചാരണത്തിനെത്തണമെന്നാണ് പാര്‍ട്ടിനിലപാട്.
ശോഭാ സുരേന്ദ്രനെ തണുപ്പിക്കാൻ ശ്രമം
മികച്ച സ്ഥാനാര്‍ഥികളെ രംഗത്തിറക്കിയാല്‍ വിജയിക്കാമെന്ന് തന്നെയാണ് ബിജെപിയുടെ കണക്ക് കൂട്ടല്‍. ഇതിനിടയില്‍ പിണങ്ങി നില്ക്കുന്ന ശോഭ സുരേന്ദ്രനെ പോലുള്ള നേതാക്കളെ പാര്‍ട്ടിയോടു അടുപ്പിക്കാനും മുന്‍ നിരയില്‍ പ്രചാരണത്തിനെത്തിക്കാനും ശ്രമിക്കും. എന്നാല്‍ സ്ഥാനാര്‍ഥിയാക്കുന്ന കാര്യം ഇതുവരെ ദേശീയനേതൃത്വം പരിഗണിച്ചിട്ടില്ല.
സമൂഹത്തില്‍ സ്വാധീനമുള്ള പ്രമുഖരേയും യുവാക്കളേയും പരാമവധി സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശമാണ് കഴിഞ്ഞ ദിവസം എറണാകുളത്ത് നടന്ന ആര്‍എസ്എസ്-ബിജെപി സമന്വയ യോഗത്തിലും കോര്‍ കമ്മിറ്റി യോഗത്തിലും നേതാക്കള്‍ മുന്നോട്ട് വെച്ചത്.
വീണ്ടും ശബരിമല
ശബരിമല വിഷയം യുഡിഎഫ് തിരഞ്ഞെടുപ്പില്‍ ആളിക്കത്തിക്കാനുള്ള നീക്കത്തിലാണെന്ന് ബിജെപി നേതാക്കള്‍ കരുതുന്നു. ശബരിമല വിഷയത്തില്‍ നിയമനിര്‍മാണം നടത്തുമെന്ന യുഡിഎഫ് പ്രഖ്യാപനം ഇതിന്റെ ഭാഗാമായാണെന്നാണ് വിലയിരുത്തല്‍.
2019 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ ഹിന്ദുവോട്ട് നേടിയെടുത്ത യുഡിഎഫിനെ ഇത്തവണ അതിന് അനുവദിക്കരുതെന്ന് നേതാക്കള്‍ ആവര്‍ത്തിക്കുന്നു.
ഇത്തവണ എന്ത് കൊണ്ടും സംസ്ഥാനത്ത് ബിജെപിക്ക് അനുകൂല സാഹചര്യമാണെന്നും യോഗത്തില്‍ നേതാക്കള്‍ വ്യക്തമാക്കി. തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ട് ഉയര്‍ന്നതും നേട്ടമാണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടത്.