സ്വന്തം ലേഖകന്‍
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരട്ടവോട്ട് തടയാന്‍ ബിജെപി നേരിട്ടിറങ്ങും.
സംസ്ഥാനത്തെ 941 പഞ്ചായത്തുകളിലും അഞ്ച് കോര്‍പറേഷനുകളിലും 87 മുന്‍സിപ്പാലിറ്റികളിലും പ്രത്യേക സമിതി രൂപീകരിച്ചാണ് വോട്ടര്‍പട്ടികയിലെ ക്രമക്കേട് തടയാന്‍ ബിജെപി ഒരുങ്ങിയത്.
വോട്ടര്പട്ടികാപഠനം സമിതികള്‍ നടത്തിവരികയാണെന്നും ഒരു കാരണവശാലും ഇരട്ട വോട്ട് അനുവദിക്കില്ലെന്നും ബിജെപി സംസ്ഥാന സെക്രട്ടറി പി.രഘുനാഥ് രാഷ്ട്രദീപികയോട് പറഞ്ഞു.
ഇരട്ടവോട്ടുകള്‍ സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് നേരത്തെ തന്നെ പരാതി നല്‍കിയിട്ടുണ്ട്. റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കും ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കും ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
വോട്ടര്‍പട്ടികയിലെ ക്രമക്കേടുകള്‍ തെളിവു സഹിതം പുറത്തെത്തിച്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ക്രമക്കേടുണ്ടെന്നു സംശയിക്കുന്ന 25 ലക്ഷത്തോളം പേരുടെ പട്ടിക 25,000 ബൂത്തുകളിലെത്തിച്ച് വ്യാജ വോട്ട് തടയാന്‍ നടപടി ആരംഭിച്ചിട്ടുണ്ട്.
ആദ്യഘട്ടമായി പരിശോധനയില്‍ തെളിഞ്ഞ 4.34 ലക്ഷം വ്യാജവോട്ടുകളുടെ പട്ടിക ഓപ്പറേഷന് ട്വിന്‍സ് എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു.
വ്യാജവോട്ടുകള്‍ തടയാന്‍ നേരിട്ടിറങ്ങാതെ മറ്റു മാര്‍ഗമില്ലെന്നാണു പ്രതിപക്ഷത്തിന്റെ വിലയിരുത്തല്‍. ഇതിന് പിന്നാലെയാണ് ബിജെപിയും ഇരട്ടവോട്ട് തടയാന്‍ രംഗത്തെത്തിയത്.