സ്വന്തം ലേഖകൻ
കൊച്ചി: തൃശൂരിൽ ഇന്നു ബിജെപി നേതൃയോഗങ്ങൾ ചേരുന്പോൾ ഇരുവിഭാഗങ്ങളും ചേരിത്തിരിഞ്ഞു ശബരിമലവിഷയം കത്തിക്കും. ശ്രീധരൻപിള്ളയുടെ നേതൃത്വത്തിൽ ശബരിമല വിഷയം കൈകാര്യംചെയ്ത രീതി ശരിയായില്ലെന്ന നിലപാടുമായി മുൻ സംസ്ഥാന പ്രസിഡന്റ് മുരളീധരനനാടു കൂറുപുലർത്തുന്ന വിഭാഗം രംഗത്തിറങ്ങും.
ബിജെപി നടത്തിയ സെക്രട്ടറിയേറ്റ് നടയിലെ നിരാഹാരസമരം പരാജയമായതു ശ്രീധരൻപിള്ളയുടെ കഴിവുകേടാണെന്നു വാദിക്കാനാണ് ഒരു വിഭാഗം ശ്രമിക്കുന്നത്. സംസ്ഥാനപ്രസിഡന്റിന്റെ അനാവശ്യപ്രസ്ഥാവനകളും പാർട്ടിക്ക് ക്ഷീണമുണ്ടാക്കി എന്നു വാദിക്കാനും ഇവർ ശ്രമിക്കും. എന്നാൽ, സംസ്ഥാന അധ്യക്ഷനെ സംരക്ഷിക്കാനും തിരിച്ചടിക്കാനും ഒരു വിഭാഗം രംഗത്തുണ്ട്.
സെക്രട്ടറിയേറ്റ് നടയിലെ സമരം പരാജയപ്പെടുത്താൻ കച്ചക്കെട്ടിയിറങ്ങിയതിനെതിരേ പ്രസിഡന്റിനോടു കൂറുപുലർത്തുന്നവർ ശ്രമിക്കും. ഈ വിഷയങ്ങളെല്ലാം ചർച്ച ചെയ്യുന്പോഴും സ്ഥാനാർഥിത്വത്തെ ചൊല്ലിയുള്ള ചർച്ചയും പ്രധാനമന്ത്രി മോദിയുടെ വരവ് വിജയിപ്പിക്കാനുള്ള നീക്കവും ചർച്ച ചെയ്യപ്പെടും. ലോകസഭതെരഞ്ഞെടുപ്പിൽ പ്രമുഖരെ സ്ഥാനാർഥിയാക്കണമെന്നാണ് ബിജെപി കേന്ദ്രനേതൃത്വത്തിന്റെ ആവശ്യം. എല്ലാസീറ്റിലും പരമാവധി ശക്തി തെളിയിക്കണം. അതിനായി ആരും മാറിനിൽക്കാൻ ശ്രമിക്കരുതെന്നും നിർദേശം നൽകികഴിഞ്ഞു.
പുറത്തുനിന്നുള്ള പ്രമുഖരെയും പാർട്ടി പരിഗണിക്കുന്നതു അതിന്റെ അടിസ്ഥാനത്തിലാണ്. സിനിമതാരങ്ങളെയും പൊതുരംഗത്തുള്ളവരെയും പരിഗണിക്കും. മുതിർന്ന നേതാക്കളെ തന്നെ രംഗത്തിറക്കി പരമാവധി സീറ്റുകൾ നേടുകയാണു പാർട്ടി ലക്ഷ്യം. കെ. സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ, എ.എൻ. രാധാകൃഷ്ണൻ, എം.ടി. രമേശ് എന്നീ ജനറൽ സെക്രട്ടറിമാർ മത്സരരംഗത്തുണ്ടാകുമെന്ന് ഉറപ്പിച്ചുകഴിഞ്ഞു.
സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ളക്ക് മേലും മത്സരിക്കാൻ സമ്മർദമുണ്ട്. മീസോറാം ഗവർണർ കുമ്മനം രാജശേഖരനെ തിരിച്ചു കൊണ്ടുവരണമെന്നാവശ്യപ്പെടുന്നവരുണ്ട്. ഇതു സംബന്ധിച്ചു അഖിലേന്ത്യാനേതൃത്വമാണ് മറുപടി നല്കേണ്ടത്. പാർട്ടി ഏറെ പ്രതീക്ഷ അർപ്പിക്കുന്ന എ പ്ലസ് മണ്ഡലങ്ങളായ തിരുവനന്തപുരത്തും പത്തനംതിട്ടയിലും പാലക്കാടും കാസർകോടും തൃശൂരും പ്രമുഖരുടെ നീണ്ടനിരയെയാണു പരിഗണിക്കുന്നത്.
കുമ്മനം രാജശേഖരൻ, സുരേഷ് ഗോപി, കെ.പി. ശശികല തുടങ്ങിയ പേരുകളാണു മുൻനിരയിലുളളത്. ആറ്റിങ്ങലിൽ ടി.പി. സെൻകുമാറിനെ ഉറപ്പിച്ചുകഴിഞ്ഞു. ശബരിമലകർമസമിതിയുമായും ആലോചിച്ചാകും ബിജെപി സാധ്യതാ പട്ടിക കേന്ദ്ര നേതൃത്വത്തിന് നൽകുക. എട്ട് സീറ്റ് ചോദിച്ച ബിഡിജഐസിന് നാലു സീറ്റാകും നൽകുക. ആലപ്പുഴ, ഇടുക്കി സീറ്റുകൾ ബിഡിജെഎസിനു നൽകാൻ ധാരണയായിട്ടുണ്ട്. പത്തനംതിട്ട സീറ്റിനെ ചൊല്ലിയും തർക്കം നടക്കുന്നുണ്ട്.
എന്നാൽ, ഈ സീറ്റ് ബിജെപി വിട്ടു കൊടുക്കാനുള്ള സാധ്യതയില്ല. പി.സി. തോമസിന് കോട്ടയം കൊടുക്കും. ശബരിമല പ്രശ്നത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ സമരത്തെ കുറിച്ച് യോഗം ചർച്ചചെയ്യും. ആദ്യം കോർകമ്മിറ്റിയും പിന്നീട് സംസ്ഥാന ഭാരവാഹികളുടേയും ലോക്സഭാ മണ്ഡലങ്ങളുടെ ഇൻചാർജ്ജ്മാരുടേയും യോഗങ്ങളാണ് ചേരുന്നത്.
പ്രധാനമന്ത്രി മോദിയുടെ തൃശൂർ സന്ദർശനത്തോടെ ഈ മണ്ഡലങ്ങളിൽ ബിജെപിക്കു മുൻതൂക്കം ലഭിക്കുമെന്നാണു പാർട്ടി വിശ്വസിക്കുന്നത്. തൃശൂരിൽ ബിജെപിക്കു അടിത്തറയുള്ള മണ്ഡലമാണ്. ഈ മണ്ഡലം തന്നെ മോദിയുടെ പരിപാടിക്കു തെരഞ്ഞെടുത്തതു തന്നെ അതിന്റെ സൂചനയാണ്. പരമാവധി ആളുകളെ എത്തിച്ചു പരിപാടി വിജയിപ്പിച്ചില്ലെങ്കിൽ ശ്രീധരൻപിള്ളയ്ക്കു തിരിച്ചടിയാകും.