താമരശ്ശേരി: റിപ്പബ്ലിക് ദിന റാലിയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ താമര പതിച്ച പ്ലക്കാര്‍ഡുകള്‍ വിദ്യാര്ഥികളെക്കൊണ്ട് പിടിപ്പിച്ചുവെന്ന് ആരോപണം നേരിട്ട താമരശേരിപഞ്ചായത്തിലെ തേറ്റാമ്പുറം അങ്കണവാടിയിലെ അധ്യാപികയേയും വര്‍ക്കറെയും സാമൂഹ്യക്ഷേമവകുപ്പ് അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു.
കൊടുവള്ളി ബ്ലോക്ക് ശിശു വികസന പദ്ധതി ഓഫീസര്‍ (സിഡിപിഒ) വ്യാഴാഴ്ച ഗ്രാമപഞ്ചായത്തിന് അയച്ച കത്തിലാണ് അങ്കണവാടി ജീവനക്കാരെ സസ്പെന്റ് ചെയ്തതായും സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് അങ്കണവാടി അടച്ചിടാനും തീരുമാനിച്ചതായി അറിയിച്ചത്.
ജനുവരി 26ന് നടന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടിയാണ് വിവാദത്തിനിടയാക്കിയത്. ബന്ധുവിന്റെ മരണത്തെ തുടര്‍ന്ന് അധ്യാപിക 26ന് ദേശീയപതാക ഉയര്‍ത്തിയ ശേഷം ഇവിടെ നിന്ന് പോയിരുന്നു. പിന്നീട് അങ്കണവാടി വെല്‍ഫയര്‍ കമ്മിറ്റിയും രക്ഷിതാക്കളും ചേര്‍ന്ന് നടത്തിയ റാലിയാണ് വിവാദത്തിനിടയാക്കിയത്.
ബിജെപിയുടെ താമര ചിഹ്നം പ്രചരിപ്പിക്കാനായി പിഞ്ചുകുഞ്ഞുങ്ങളെ ഉപയോഗപ്പെടുത്തുകയും പ്രാദേശിക നേതാക്കള്‍ ഇതിന്റെ ഫോട്ടോ പ്രചരിപ്പിക്കുകയും ചെയ്തതോടെയാണ് സംഭവം വിവാദമായത്.
ഇത് ചോദ്യം ചെയ്യാനായി സിപിഎം പ്രവര്‍ത്തകര്‍ എത്തുകയും ഇവരെ പ്രതിരോധിക്കാനായി ബിജെപി പ്രവര്‍ത്തകര്‍ ശ്രമിക്കുകയും ചെയ്തത് പ്രദേശത്ത് സംഘര്‍ഷാവസ്ഥയുണ്ടാക്കിയിരുന്നു. സംഭവം വിവാദമായതോടെ സിഡിപിഒ സുബൈദയുടെ നേതൃത്വത്തില്‍ അങ്കണവാടിയിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു.