കോട്ടയം: കാഞ്ഞിരപ്പള്ളി പിടിക്കാൻ കച്ചകെട്ടിയിറങ്ങുകയാണ് ബിജെപി. എല്ലാ മണ്ഡലങ്ങളിലും സ്ഥാനാർഥികളെ മത്സര രംഗത്തിറക്കുമെങ്കിലും ജില്ലയിൽ കാഞ്ഞിരപ്പള്ളി സീറ്റിലാണ് ബിജെപി നേതൃത്വത്തിന്റെ പ്രതീക്ഷ.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തിെരഞ്ഞെടുപ്പിലും ബിജെപിക്ക് 30,000ത്തിൽ അധികം വോട്ടുകൾ കിട്ടിയ മണ്ഡലമാണ് കാഞ്ഞിരപ്പള്ളി. രണ്ടു പഞ്ചായത്തിൽ ഭരണം പിടിക്കാൻ സാധിച്ചതും ബിജെപി ഉയർത്തിക്കാട്ടുന്നു.
അൽഫോൻസ് കണ്ണന്താനം എംപി, മുൻ ഡിജിപി ജേക്കബ് തോമസ് എന്നിവരെയാണു കാഞ്ഞിരപ്പള്ളിയിലേക്ക് കേന്ദ്രം പരിഗണിക്കുന്നത്.
മണിമല സ്വദേശിയും മുൻപ് കാഞ്ഞിരപ്പള്ളിയിൽ എംഎൽഎയും കോട്ടയം കളക്ടറുമായ അൽഫോൻസ് കണ്ണന്താനത്തിനാണു പ്രഥമ പരിഗണ.
എന്നാൽ മത്സരിക്കാനുള്ള താൽപര്യത്തിലല്ലെന്നും കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടാൽ മാത്രമെ സ്ഥാനാർഥിയാകൂ എന്നും കണ്ണന്താനം വ്യക്തമാക്കി.
പൂഞ്ഞാർ സ്വദേശിയായ ജേക്കബ് തോമസ് കാഞ്ഞിരപ്പള്ളി, തൃപ്പൂണിത്തുറ എന്നി മണ്ഡലങ്ങളിൽ മത്സരിക്കാൻ ഒരുക്കമാണ്.
2016ൽ ബിജെപിയുടെ വി.എൻ. മനോജ് കാഞ്ഞിരപ്പള്ളിയിൽ 31,411 വോട്ടുകളും ലോക്സഭാ തെരഞ്ഞെടുപ്പിൽ കെ. സുരേന്ദ്രൻ 36,000 വോട്ടുകളും നേടിയിരുന്നു.
ഇത്തവണ വി.എൻ. മനോജ്, എൻ. ഹരി, ജെ. പ്രമീളാദേവി, നോബിൾ മാത്യു എന്നിവരും സംസ്ഥാനഘടകം താൽപര്യപ്പെടുന്ന പട്ടികയിലുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ ബിജെപി സ്ഥാനാർഥി പട്ടിക ഡൽഹിയിൽ പ്രഖ്യാപിക്കും.