കണ്ണൂർ: തലശേരിയിലെ നാമനിർദേശ പത്രിക തള്ളിയതിനു പിന്നാലെ ബിജെപി കടുത്ത പ്രതിസന്ധിയിൽ. പിന്തുണ നൽകാൻ സ്വതന്ത്ര സ്ഥാനാർഥി പോലുമില്ലാത്ത അവസ്ഥയിലാണ് ബിജെപി.
ബിജെപിയുമായി സഖ്യത്തിനില്ലെന്ന് സ്വതന്ത്രൻ സി.ഒ.ടി. നസീറും പറഞ്ഞു. ശേഷിക്കുന്നത് വെൽഫെയർ പാർട്ടിയും അപരന്മാരുമാണ്. ഇവർക്ക് പിന്തുണ നൽകിയാൽ ബിജെപിക്ക് ആകെ നാണക്കേടാകും.
തുടർനിയമനടപടിയിലൂടെ സ്ഥാനാർഥിത്വം അംഗീകരിച്ചു കിട്ടുന്നില്ലെങ്കിൽ നിലപാട് പിന്നീടു പ്രഖ്യാപിക്കുമെന്നാണ് ബിജെപി വ്യക്തമാക്കുന്നത്. കഴിഞ്ഞ തവണ ബിജെപി സ്ഥാനാർഥി വി.കെ. സജീവന് 22,125 വോട്ടുകളാണു ലഭിച്ചിരുന്നത്.
അതേസമയം, നാമനിർദേശ പത്രിക തള്ളിയ ഗുരുവായൂരിൽ സോഷ്യൽ ജസ്റ്റീസ് പാർട്ടിയെ പിന്തുണയ്ക്കാൻ ബിജെപി നീക്കം നടക്കുന്നുണ്ട്. എൻഡിഎയിൽ ചേരാൻ ശ്രമിച്ചിരുന്ന പാർട്ടിയാണിത്. ദിലീപ് നായരാണ് ഡിഎസ്ജെപി സ്ഥാർഥിയായി മത്സരിക്കുന്നത്.