സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് പത്തു ജില്ലകളിൽ ബിജെപി പ്രസിഡന്റുമാരെ പ്രഖ്യാപിച്ചെങ്കിലും കണ്ണൂർ ഉൾപ്പെടെ നാലു ജില്ലകളിൽ പ്രസിഡന്റുമാരെ കണ്ടെത്താനാകാത്തത് ദേശീയ-സംസ്ഥാന നേതൃത്വത്തിന് വെല്ലുവിളിയാകുന്നു.
നാലു ജില്ലകളിൽ നേതൃത്വത്തെ ഏറ്റവും കൂടുതൽ പ്രതിരോധത്തിലാക്കുന്നത് കണ്ണൂരാണ്. സംസ്ഥാനത്തെ ജില്ലകളിൽ ദേശീയനേതൃത്വം ഏറ്റവും ഗൗരവത്തിൽ നോക്കിക്കാണുന്ന ജില്ല കൂടിയാണ് കണ്ണൂർ.
സിപിഎമ്മിനോട് കരുത്തോടെ പിടിച്ചുനിൽക്കാൻ കണ്ണൂരിൽ കരുത്തുറ്റ പ്രസിഡന്റ് വേണമെന്നാണ് ദേശീയനേതൃത്വം സംസ്ഥാനകമ്മിറ്റിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
കണ്ണൂരിൽ പാർട്ടിക്കുള്ളിലെ ഗ്രൂപ്പുകളും ഗ്രൂപ്പുകൾക്ക് നേതൃത്വം വഹിക്കുന്നവരും ശക്തരാണെന്നതിനാൽ പെട്ടെന്ന് ഒരു തീരുമാനമെടുക്കാനും കഴിയാത്ത അവസ്ഥയുണ്ട്.
സ്വന്തം ജില്ലയായ കണ്ണൂരിൽ തങ്ങൾക്കു വേണ്ടപ്പെട്ടയാളെ പ്രസിഡന്റാക്കണമെന്ന് പി.കെ. കൃഷ്ണദാസിനും കേന്ദ്രമന്ത്രിയായ വി. മുരളീധരനും ആഗ്രഹമുണ്ട്. അതുകൊണ്ടുതന്നെയാണ് മറ്റു ജില്ലകളെ അപേക്ഷിച്ച് കണ്ണൂരിൽ പ്രശ്നം രൂക്ഷമാകാനും കാരണം.
മുതിർന്ന നേതാക്കൾ ഉൾപ്പെടെ കണ്ണൂരിന്റെ കാര്യത്തിൽ ഇടപെട്ടിട്ടും ഇരുപക്ഷവും പ്രസിഡന്റ് സ്ഥാനത്തിനായി അരയും തലയും മുറുക്കി രംഗത്തിറങ്ങിയിട്ടുണ്ട്. കണ്ണൂരിൽ ബിജെപി ജില്ലാ പ്രസിഡന്റ് സ്ഥാനത്തിനായി ഇത്രയും ശക്തമായ ഗ്രൂപ്പ് പോര് ഇതുവരെയുണ്ടായിട്ടില്ല.
നിലവിലുള്ള ജില്ലാ പ്രസിഡന്റ് സത്യപ്രകാശ് തെരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെയായിരുന്നു. കണ്ണൂരിലെ പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലി തർക്കം രൂക്ഷമായതിനെ തുടർന്ന് ആർഎസ്എസ് നേരിട്ട് ഇടപെട്ടിട്ടും പരിഹരിക്കാനായിട്ടില്ല.
മുൻ ജില്ലാ പ്രസിഡന്റും സംസ്ഥാന സെൽ കോ-ഓർഡിനേറ്ററുമായ കെ. രഞ്ജിത്തിനെപ്രസിഡന്റാക്കണമെന്നാണ് പാർട്ടിയിലെ ഒരുവിഭാഗത്തിന്റെ അഭിപ്രായം. നിലവിലെ സാഹചര്യത്തിൽ ദേശീയനേതൃത്വത്തിനുമുന്നിൽ ഏതാനും പേരുകൾ ഉണ്ടെങ്കിലും മുൻ പ്രസിഡന്റും നിലവിലെ സംസ്ഥാന സെൽ കോ-ഓർഡിനേറ്ററുമായ കെ. രഞ്ജിത്തിന്റെ പേര് പരിഗണനയിലുണ്ട്. അതേസമയം കൃഷ്ണദാസ് പക്ഷക്കാരനായ രഞ്ജിത്തിനെതിരേ ജില്ലാ ഘടകത്തിനകത്തുനിന്നുതന്നെ പടയൊരുക്കവും ആരംഭിച്ചിട്ടുണ്ട്.
നിലവിലെ അഖിലേന്ത്യാ പ്രസിഡന്റ് ജെ.പി. നഡ്ഡയുമായി വിദ്യാർഥി സംഘടനാപ്രവർത്തന കാലം മുതൽ ബന്ധമുള്ളയാളാണ് കേന്ദ്രമന്ത്രി മുരളീധരൻ. ഈ സ്വാധീനം ഉപയോഗപ്പെടുത്തി തന്റെ പക്ഷക്കാരനെ പ്രസിഡന്റാക്കാനുള്ള നീക്കമാണ് മുരളീധരവിഭാഗം നടത്തിവരുന്നത്. രഞ്ജിത്തിനെ പ്രസിഡന്റാക്കിയാൽ പത്രസമ്മേളനം വിളിച്ചുചേർത്ത് പാർട്ടി വിടുമെന്ന് ഒരുവിഭാഗം ദേശീയ-സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
രഞ്ജിത്ത് പ്രസിഡന്റായിരുന്ന വേളയിൽ ഒരുവിഭാഗം നമോ വിചാർ മഞ്ച് എന്നപേരിൽ സമാന്തര സംഘടനാപ്രവർത്തനം നടത്തിയിരുന്നതുൾപ്പെടെ ഇവർ ഉയർത്തിക്കാട്ടുന്നു. ഇതെല്ലാം നേതൃത്വത്തെ കടുത്ത പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്.
എല്ലാവർക്കും സമ്മതനെന്നനിലയിൽ ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരിയുടെ പേര് നേരത്തെ പരിഗണിച്ചിരുന്നു. പിന്നീട് പി.എസ്. ശ്രീധരൻപിള്ള സിക്കിമിലേക്ക് ഗവർണറായി പോയതിനെ തുടർന്നുള്ള ഒഴിവിൽ സംസ്ഥാന പ്രസിഡന്റാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും തില്ലങ്കേരി നിരസിക്കുകയായിരുന്നു.
സമവായമെന്ന നിലയിൽ തലശേരി സ്വദേശി എൻ. ഹരിദാസന്റെ പേരും മുതിർന്ന നേതാവ് സി. സദാനന്ദന്റെ പേരും പരിഗണനാ ലിസ്റ്റിലുണ്ട്. നിലവിൽ രണ്ടു ടേം പൂർത്തിയാക്കിയവരെയും 55 വയസ് കഴിഞ്ഞവരെയും പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കേണ്ടതില്ലെന്നും നിർദേശമുണ്ട്.
ഈസാഹചര്യത്തിൽ സി. സദാനന്ദൻ പ്രായപരിധിക്കു പുറത്താണ്. എന്നാൽ രഞ്ജിത്തിന്റെ കാര്യത്തിൽ രണ്ടു ടേം എന്ന കാര്യത്തിൽ ഇളവ് നൽകിയേക്കുമെന്നും സൂചനയുണ്ട്.