ബംഗളൂരു: കർണാടകയിലെ ബിജെപി നേതൃത്വത്തെ വെട്ടിലാക്കി എംഎൽഎ. വിജയ്പുർ മണ്ഡലത്തിലെ ബിജെപി എംഎൽഎ ബസനഗൗഡ പാട്ടീൽ യത്നാൽ ആണ് വിമത നിലപാടുമായി രംഗത്തെത്തിയത്. തന്നെ പാർട്ടിയിൽനിന്നു പുറത്താക്കിയാൽ ഭരണത്തിലിരുന്നുകൊണ്ട് പണം കൊള്ളയടിക്കുകയും സ്വത്തു സമ്പാദനം നടത്തുകയും ചെയ്തവരുടെ പേരുകൾ വെളിപ്പെടുത്തുമെന്നാണ് പാട്ടീൽ നേതൃത്വത്തിനു മുന്നറിയിപ്പു നൽകിയിരിക്കുന്നത്.
ബി.എസ്. യെദ്യൂരപ്പ സർക്കാരിന്റെ കാലത്ത് 40,000 കോടിയിലേറെ രൂപയുടെ അഴിമതി കർണാടകയിൽ നടന്നുവെന്നാണ് പാട്ടീലിന്റെ ആരോപണം. ഒരു കൊറോണരോഗിക്ക് എട്ടു മുതൽ പത്തു ലക്ഷം രൂപ വരെ തുക ചെലവാക്കിയെന്ന് കണക്കുണ്ടാക്കിയതായും അദ്ദേഹം ആരോപിച്ചു.
കോവിഡിന്റെ സമയത്ത് കർണാടകയിൽ അധികാരത്തിലിരുന്ന യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള സർക്കാർ വൻ കൊള്ള നടത്തിയെന്നാണ് യത്നാൽ ആരോപിക്കുന്നത്. ആരുടെ സർക്കാർ അധികാരത്തിലിരുന്നത് എന്നുള്ളതല്ല പ്രശ്നമെന്നും കള്ളന്മാർ കള്ളന്മാരാണെന്നും പാട്ടീൽ പറഞ്ഞു. 45 രൂപയുടെ മാസ്കിന്റെ വില 485 രൂപയായി ഉയർത്തിയെന്നും എംഎൽഎ ആരോപിക്കുന്നു.
ഗുരുതരമായ വെളിപ്പെടുത്തൽ നടത്തിയ ബിജെപി എംഎൽഎയെ പിന്തുണച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും രംഗത്തെത്തി.
ആരോപണം ശരിയാണെങ്കിൽ കരുതിയതിലും പതിന്മടങ്ങ് അഴിമതിയാണു സംസ്ഥാനത്തു നടന്നിരിക്കുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു.