സുൽത്താൻ ബത്തേരി: തെരഞ്ഞെടുപ്പു കോഴ വിവാദം കൊഴുക്കുന്പോൾ ബിജെപിയിൽ പൊട്ടിത്തെറി തുടരുന്നു.
സി.കെ. ജാനുവിനെ എൻഡിഎ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതുമുതൽ തുടങ്ങിയ പ്രതിഷേധം കോഴ വിവാദത്തോടെ സജീവമായിരിക്കുകയാണ്. യുവമോർച്ച നേതാക്കളെ പുറത്താക്കിയതോടെയാണ് പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിക്ക് തുടക്കമായത്.
ഇതേ തുടർന്ന് യുവമോർച്ചയിൽ രാജികളുടെ പരന്പര തന്നെയായി. ബിജെപി കമ്മിറ്റികളിലും പ്രതിഷേധം ശക്തിപ്പെട്ടതോടെ രാജിക്കുള്ള അണിയറ നീക്കവും ആരംഭിച്ചു.
ബിജെപിയിലും ഭിന്നത രൂക്ഷമായി. യുവമോർച്ച ജില്ലാ പ്രസിഡന്റ് ദീപു പുത്തൻപുരക്കലിനേയും നിയോജക മണ്ഡലം പ്രസിഡന്റ് എം.എൻ ലിലിൽ കുമാറിനേയും സ്ഥാനത്തുനിന്നും നീക്കം ചെയ്തതിനെ തുടർന്നാണ് യുവമോർച്ച കമ്മിറ്റികളിൽ കൂട്ടരാജി തുടങ്ങിയത്.
നിയമസഭ തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥിയായിരുന്ന സി.കെ. ജാനുവിന് ആദ്യം 10 ലക്ഷവും പിന്നീട് 25 ലക്ഷവും കൈമാറിയെന്ന ജെആർപി ട്രഷറർ പ്രസീത അഴീക്കോടിന്റെ വെളിപ്പെടുത്തലുകളും തുടർന്നുണ്ടായ പ്രശ്നങ്ങളുമാണ് ബിജെപിയിലെ താഴെ തട്ടിലുള്ളവർക്കടക്കം പ്രതിഷേധത്തിനിടയായത്.
10 ലക്ഷം തിരുവനന്തപുരത്തെ ഹോട്ടൽ മുറിയിൽ വെച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും 25 ലക്ഷം രൂപ ബത്തേരി മണിമല ഹോംസ്റ്റേയിൽ പാർട്ടി ജില്ലാ സെക്രട്ടറി പ്രശാന്ത് മലവയലും സി.കെ ജാനുവിന് നൽകിയെന്നാണ് ആരോപണം.
ആരോപണം ഇരുവരും നിഷേധിക്കുന്നുവെങ്കിലും അണികളിൽ വ്യക്തത വരുത്താൻ കഴിയാത്തത് പാർട്ടിയെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്.
സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലും പരിശോധനയും ആവശ്യപ്പെട്ട് സംസ്ഥാന, ദേശീയ നേതൃത്വങ്ങൾക്ക് നിയോജക മണ്ഡലം കമ്മിറ്റി കത്തയച്ചത് ചർച്ചാവിഷയമായിരിക്കുകയാണ്.
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പണം എത്തിയെങ്കിലും ഫണ്ട് ആവശ്യത്തിന് ഉപയോഗിക്കാതിരുന്നതും ചർച്ചാവിഷയമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് ലഭിക്കാതെ പോയത് 15000 വോട്ടുകളാണ്.
സ്ഥാനാർഥി നിർണയത്തിലെ അപാകതയും, തെരഞ്ഞെുപ്പ് പ്രവർത്തനത്തിനായി ഫണ്ട് ആവശ്യത്തിന് ഉപയോഗിക്കാതിരുന്നതും സാധാരണ പ്രവർത്തകരിലും പ്രതിഷേധത്തിന് കാരണമായിട്ടുണ്ടെന്നാണ് ആരോപണം. വരും ദിവസങ്ങളിലും രാജികൾ ഉണ്ടാകുമെന്നാണ് സൂചന.