കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ബിജെപിയില്‍ തര്‍ക്കം രൂക്ഷം. സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം മുഖവിലക്കെടുക്കാതെ മുതിര്‍ന്ന നേതാക്കള്‍ സീറ്റില്‍ അവകാശവാദവുമായി രംഗത്തെത്തിയതോടെയാണ് ബിജെപിയില്‍ തര്‍ക്കം രൂക്ഷമായത്.
ഇതോടെ സീറ്റ് ചര്‍ച്ചകളില്‍ ദേശീയ നേതൃത്വം ഇടപെടുമെന്നുറപ്പായി. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി അഖിലേന്ത്യാ അധ്യക്ഷന്‍ ജെ.പി. നദ്ദ ഫെബ്രുവരി മൂന്നിന് കേരളത്തിലെത്തും. തുടര്‍ന്ന് കോര്‍കമ്മറ്റി യോഗത്തില്‍ അദ്ദേഹം പങ്കെടുക്കുകയും സീറ്റ് സംബന്ധിച്ച് ചര്‍ച്ച നടത്തുകയും ചെയ്യും.
പി.കെ.കൃഷ്ണദാസിന് കാട്ടാക്കടയും സുരേഷ്ഗോപിക്ക് തിരുവനന്തപുരത്തും സീറ്റ് നല്‍കാനാണ് ലക്ഷ്യമിടുന്നത്. ഒ.രാജഗോപാല്‍, സി.കെ.പത്മനാഭന്, ബി.ഗോപാലകൃഷ്ണന്, സി.കൃഷ്ണകുമാര്‍ തുടങ്ങിയവരും ഇത്തവണ മത്സരിക്കുന്നുണ്ട്. ഇവരുടെ സീറ്റുകളേതെന്ന് തീരുമാനിച്ചിട്ടില്ല.
കേന്ദ്രമന്ത്രി വി.മുരളീധരനും മത്സരിക്കാനാണ് സാധ്യത. അതേസമയം കെ.സുരേന്ദ്രന് മത്സരിക്കണമെന്ന് നേരത്തെ കേന്ദ്രനേതൃത്വം അഭിപ്രായപ്പെട്ടിരുന്നു.
എന്നാല്‍ ഇരുവരുടേയും സീറ്റുകള്‍ സംബന്ധിച്ച് തീരുമാനമായിട്ടില്ല. കൂടാതെ മുന്ഡിജിപിമാരായ ടി.പി. സെന്‍കുമാര്‍, ജേക്കബ്തോമസ് തുടങ്ങിവരേയും മത്സരരംഗത്തിറക്കും. സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞു നില്ക്കുന്ന ശോഭാസുരേന്ദ്രനും സീറ്റ് നല്‍കും.
കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെ വോട്ടിംഗ് ശതമാനവും സ്ഥാനാര്‍ഥികളുടെ വ്യക്തി സ്വാധീനവും അടിസ്ഥാനമാക്കി മണ്ഡലങ്ങള്‍ തീരുമാനിക്കാനാണ് ദേശീയ നേതൃത്വം നിര്‍ദേശിച്ചത്. എന്നാല്‍ മുന്‍കൂട്ടി കണ്ട സീറ്റില്‍ തന്നെ മത്സരിക്കണമെന്ന് നേതാക്കള്‍ വാശിപിടിക്കുന്നുണ്ട്.
ആറന്മുള വേണ്ട കോഴിക്കോട് മതിയെന്ന് രമേശ്
കോര്‍കമ്മിറ്റി അംഗവും പാര്‍ട്ടിയിലെ സീനിയര്‍ ജനറല്‍സെക്രട്ടറിയുമായ എം.ടി. രമേശിനെ ആറന്മുളയില് മത്സരിപ്പിക്കാനാണ് സംസ്ഥാന നേതൃത്വം തീരുമാനിച്ചത്.
കഴിഞ്ഞ തവണ 37,906 വോട്ട് എം.ടി.രമേശിന് ഇവിടെ നേടാനായിരുന്നു. 23.48 ശതമാനം വോട്ടായിരുന്നു രമേശിന് ലഭിച്ചത്. 2011 ല്‍ ആറന്മുളയില് 10,227 വോട്ട് മാത്രമായിരുന്നുള്ളത്. കെ.ഹരിദാസായിരുന്നു അന്നത്തെ ബിജെപി സ്ഥാനാര്‍ഥി.
പോള്‍ ചെയ്തതില്‍ 7.52 ശതമാനം വോട്ടില്‍ നിന്ന് കഴിഞ്ഞ തവണ 23.48 ശതമാനം വോട്ടിലേക്ക് ഉയര്‍ന്നത് രമേശിന്റെ സ്ഥാനാര്‍ഥിത്വം മൂലമാണ്. അതിനാല്‍ ഇത്തവണയും രമേശിനെ ആറന്മുളയില് മത്സരിപ്പിച്ചാല്‍ വിജയിക്കാനാവുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി സംസ്ഥാന നേതൃത്വം.
എന്നാല്‍ ആറന്മുളയില് മത്സരിക്കാനില്ലെന്ന തീരുമാനത്തിലാണ് രമേശ്. കോഴിക്കോട് നോര്‍ത്ത് മണ്ഡലമാണ് രമേശ് ലക്ഷ്യമിടുന്നത്.
തദ്ദേശതെരഞ്ഞെടുപ്പില്‍ കോര്‍പറേഷനിലെ പ്രചാരണത്തിന് ചുക്കാന്‍പിടിച്ചത് രമേശായിരുന്നു. കൂടാതെ കോഴിക്കോട് ജില്ലയുടെ ആസ്ഥാനമായ നഗരമുള്‍പ്പെടുന്ന ഗ്ലാമര്‍ മണ്ഡലമാണ് കോഴിക്കോട് നോര്‍ത്ത്. അതിനാല്‍ നോര്‍ത്തില്‍ തന്നെ മത്സരിക്കണമെന്ന ആവശ്യമാണ് രമേശ് ഉന്നയിക്കുന്നത്.
അതേസമയം സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ സ്വന്തം ജില്ലയില്‍ പോലും സ്ഥാനാര്‍ഥിയെ തീരുമാനിച്ചതില്‍ വിഭാഗീയത ഉയര്‍ത്തുന്നതില്‍ നേതൃത്വത്തിന് എതിര്‍പ്പുണ്ട്.
മറ്റു സീറ്റുകളിലും പ്രതിസന്ധി
രമേശിന് മധ്യമേഖലയുടെ ചുമതലയാണ് സംഘടനാതലത്തിലുള്ളത്. ഇക്കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് ദേശീയ നേതൃത്വം മുമ്പാകെ രമേശിനെ ആറന്മുളയില് തന്നെ മത്സരിപ്പിക്കാനാണ് സംസ്ഥാന നേതൃത്വം ശ്രമിക്കുന്നത്. സംസ്ഥാനസെക്രട്ടറി പി. രഘുനാഥിനെ കോഴിക്കോട് നോര്‍ത്തില്‍ മത്സരിപ്പിക്കാനാണ് സംസ്ഥാന നേതൃത്വം തീരുമാനിച്ചത്.
രമേശ് നോര്‍ത്തില്‍ പിടിമുറക്കിയാല് മറ്റു മണ്ഡലങ്ങളിലും പ്രതിസന്ധി ഉയരും. നോര്ത്തില്ലെങ്കില് രഘുനാഥിനെ സൗത്തിലേക്ക് പരിഗണിക്കേണ്ടതായി വരും.
എന്നാല്‍ ഇവിടെ പാര്‍ട്ടി ജില്ലാപ്രസിഡന്റ് വി.കെ. സജീവന് ഇതിനകം വോട്ടുചേര്‍ക്കല്‍ ഉള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പ് ജോലികള്‍ ആരംഭിച്ചുകഴിഞ്ഞു. അതേസമയം സംസ്ഥാന നേതൃത്വം സൗത്തില്‍ യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രഫുല്കൃഷ്ണനെയായിരുന്നു പരിഗണിച്ചത്.
സൗത്തിലും നോര്‍ത്തിലും മുതിര്‍ന്ന നേതാക്കള്‍ പിടിമുറുക്കിയാല്‍ രഘുനാഥിനും പ്രഫുലിനും സീറ്റില്ലാതാകും. എലത്തൂരില്‍ മുരളീധര പക്ഷത്തെ സീനിയര്‍ നേതാവും സംസ്ഥാന വൈസ്പ്രസിഡന്റുമായി വി.വി. രാജനെയാണ് പരിഗണിക്കുന്നത്.
അതിനാല്‍ രഘുനാഥിന് എലത്തൂരും വിട്ടുനല്‍കാനാവില്ല. അതേസമയം പ്രഫുലിനെ കൊയിലാണ്ടിയിലോ വടകരയിലോ സീറ്റ് നല്‍കാനാണിപ്പോള്‍ സംസ്ഥാന നേതൃത്വം കണക്കുകൂട്ടുന്നത്. ദേശീയ വൈസ് പ്രസിഡന്റ് അബ്ദുള്ളക്കുട്ടിക്കായി കുന്ദമംഗലം സീറ്റായിരുന്നു പരിഗണിച്ചത്.
എന്നാല്‍ സോളാര്‍ കേസില്‍ ഉള്‍പ്പെട്ടതിനാല്‍ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് പുനപരിശോധന നടത്തും. എന്നാല്‍ കുന്ദമംഗലം മാത്രം മതിയെന്ന വാദവുമായി സംസ്ഥാന സെക്രട്ടറി പ്രകാശ്ബാബുവും രംഗത്തുണ്ട്. കഴിഞ്ഞ തവണ മത്സരിച്ച ബേപ്പൂരില്‍ തന്നെയാകും പ്രകാശ്ബാബുവിനെ ഇത്തവണ പരിഗണിക്കുക .