ഡി. ദിലീപ്
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടിംഗ് ശതമാനത്തിലുണ്ടായ ഞെട്ടിക്കുന്ന ഇടിവിലും സിറ്റിംഗ് സീറ്റിലെ തോൽവിയുണ്ടാക്കിയ കനത്ത പ്രഹരത്തിലും അടിതെറ്റിയ സംസ്ഥാന ബിജെപിക്ക് ആശ്വാസത്തിന് വക നൽകുന്നത് ഒൻപത് സീറ്റുകളിലെ രണ്ടാം സ്ഥാനം മാത്രം.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടു ശതമാനത്തിൽ 3.09 ശതമാനത്തിന്റെ ഇടിവാണുണ്ടായത്.
കേരളത്തിൽ വളരുന്ന ഏക പാർട്ടിയെന്ന ടാഗ് ലൈനുമായി ഓരോ തെരഞ്ഞെടുപ്പിലും രംഗത്തിറങ്ങിയ ബിജെപി അവരുടെ വോട്ടു വിഹിതത്തിൽ ക്രമാനുഗതമായ വർധനയുണ്ടാക്കിയിരുന്നു.
2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 6.06 ശതമാനം മാത്രമായിരുന്നു ബിജെപിയുടെ വോട്ട് വിഹിതം. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ആയപ്പോഴേക്കും ഇത് 10.5 ശതമാനമായും 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 15.10 ശതമാനമായും 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇത് 15.6 ശതമാനമായും കുതിച്ചു കയറിയിരുന്നു.
വോട്ട് വിഹിതത്തിലെ ഈ വളർച്ചയുടെ കണക്കുകൾ ആത്മവിശ്വാസമാക്കിയാണു നിയമസഭ തെരഞ്ഞെടുപ്പിൽ ഇക്കുറി ബിജെപി രംഗത്തിറങ്ങിയത്.
അഞ്ചു മുതൽ 12 സീറ്റുകൾ വരെ ബിജെപി നേടുമെന്നായിരുന്നു നേതാക്കളുടെ ആത്മവിശ്വാസം. ഇതനുസരിച്ച് എല്ലാ മണ്ഡലങ്ങളിലും കാടിളക്കിയുള്ള പ്രചാരണം തന്നെയാണ് ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണി നടത്തിയത്.
രണ്ടു മണ്ഡലങ്ങളിൽ മത്സരിച്ച ബിജെപി സംസ്ഥാന അധ്യക്ഷൻ കേരളത്തിൽ ഇന്നു വരെ കാണാത്ത തരത്തിൽ പ്രചാരണത്തിനായി ഹെലികോപ്ടർ തന്നെ എത്തിച്ചതും ഈ അത്മവിശ്വാസത്തിന്റെ പ്രകടനമായിരുന്നു.
കാസർഗോഡ്, മഞ്ചേശ്വരം, മലന്പുഴ, പാലക്കാട്, ചാത്തന്നൂർ, ആറ്റിങ്ങൽ, കഴക്കൂട്ടം, വട്ടിയൂർക്കാവ്, നേമം എന്നീ മണ്ഡലങ്ങളിലാണ് ഇക്കുറി ബിജെപി രണ്ടാമതെത്തിയത്.
എന്നാൽ ഇവിടങ്ങളിലും മുൻ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് തിരിച്ചടി തന്നെയാണുണ്ടായിരിക്കുന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
മഞ്ചേശ്വരം, കാസർഗോഡ്, പാലക്കാട്, മലന്പുഴ, ചാത്തന്നൂർ, വട്ടിയൂർക്കാവ്, കഴക്കൂട്ടം നിയമസഭാ മണ്ഡലങ്ങളിലാണ് 2016 ൽ രണ്ടാം സ്ഥാനത്തെത്തിയത്.
2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ കാസർഗോഡ്, മഞ്ചേശ്വരം, തൃശൂർ, അടൂർ, കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം മണ്ഡലങ്ങളിലും രണ്ടാമതെത്തി.
ഇതിൽ അടൂർ, തൃശൂർ മണ്ഡലങ്ങളിൽ ഇക്കുറി ബിജെപി മൂന്നാം സ്ഥാനത്തേക്കു പോവുകയാണുണ്ടായത്.