സ്വന്തംലേഖകന്‍
കോഴിക്കോട്: കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയില്‍ സഹമന്ത്രി സ്ഥാനം ലഭിച്ച രാജീവ് ചന്ദ്രശേഖരനെ തഴഞ്ഞ് ബിജെപി സംസ്ഥാന നേതൃത്വം.
സംസ്ഥാനത്തെ എല്ലാ നേതാക്കളുമായും വ്യക്തിപരമായ അടുപ്പം നിലനിര്‍ത്തുന്ന മന്ത്രിസഭയിലെ മലയാളിയായിട്ടുപോലും രാജീവ് ചന്ദ്രശേഖരനെ സമൂഹമാധ്യമത്തിലൂടെ പ്രത്യേകമായി അഭിനന്ദിക്കാത്ത നേതാക്കളുടെ നിലപാട് ഇപ്പോള്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
ഗ്രൂപ്പ് തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ചന്ദ്രശേഖറിന്റെ കാര്യത്തില്‍ പാര്‍ട്ടി ഒറ്റക്കെട്ടായാണ് നില്‍ക്കുന്നത്.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ആരും തന്നെ രാജീവ് ചന്ദ്രശേഖരന് പ്രത്യേകമായി ആശംസകള്‍ അര്‍പ്പിച്ചില്ല.
കേന്ദ്രമന്ത്രി വി. മുരളീധരന് പുതുതായി സത്യപ്രതിജ്ഞ ചെയ്ത എല്ലാ മന്ത്രിമാര്‍ക്കും പൊതുവായ ആശംസ നേരുകമാത്രമാണ് ചെയ്തിരിക്കുന്നത്.
അതേസമയം ബിജെപി സംസ്ഥാന നേതൃത്വവുമായി കടുത്ത ഭിന്നത തുടരുന്ന ശോഭ സുരേന്ദ്രന് മാത്രമാണ് രാജീവേട്ടന് എന്ന് അഭിസംബോധന ചെയ്തും ചിത്രം പങ്കുവച്ചും അഭിനന്ദനം അറിയിച്ചിരിക്കുന്നത്. അതാകട്ടെ കടുത്ത എതിര്‍പ്പിനും വിമര്‍ശനത്തിനും ഇടയാവുകയും ചെയ്തിട്ടുണ്ട്.
പാര്‍ട്ടി നേതാക്കളെ നിരന്തരം വിമര്‍ശിക്കുന്ന സ്വകാര്യചാനലിനെ മാസങ്ങളായി ബഹിഷ്കരിക്കുന്ന ബിജെപി കേരള ഘടകം കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയോടെ വെട്ടിലായിരിക്കുകയാണ്.
പാര്‍ട്ടി ബഹിഷ്കരിച്ച ചാനലിന്റെ അമരക്കാരനെ കേന്ദ്രമന്ത്രിയാക്കിയതില്‍ സംസ്ഥാനത്തെ നേതാക്കള്‍ക്കും അണികള്‍ക്കും അതൃപ്തിയുണ്ട്.
ബിജെപിയെ അടിമുടി എതിര്‍ക്കുന്ന നിലപാടാണ് പലപ്പോഴും ചന്ദ്രശേഖരന്റെ ചാനല്‍ സ്വീകരിക്കുന്നതെന്നാണ് നേതാക്കള്‍ പറയുന്നത്.
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും അതിന് പിന്നാലെ ഉണ്ടായ കൊടകര കുഴല്‍പ്പണ കേസിലും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഉള്‍പ്പെട്ട അനധികൃത പണമിടപാട് വിവാദങ്ങളിലും കടുത്ത നിലപാടാണ് ചാനല്‍ സ്വീകരിച്ചത്.
ഏഷ്യാനെറ്റിനെ ബിജെപി മാസങ്ങളായി ബഹിഷ്കരിച്ചിരിക്കുകയാണ്. ചാനല്‍ ചര്‍ച്ചകളില്‍ ബിജെപി നേതാക്കള്‍ ആരും പങ്കെടുക്കുന്നില്ലെന്ന് മാത്രമല്ല സംസ്ഥാന അധ്യക്ഷന്‍ കോഴിക്കോട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നിന്നും കേന്ദ്രമന്ത്രി വി. മുരളീധരന് ന്യൂഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍നിന്നും ചാനല്‍ പ്രതിനിധികളെ പുറത്താക്കിയതും ഏറെ വിവാദമായിരുന്നു.