കോഴിക്കോട്: തെരഞ്ഞെടുപ്പു തോല്‍വിയുമായി ബന്ധപ്പെട്ട നേതൃതലത്തിലുള്ള വിശദമായ വിലയിരുത്തലുകള്‍ കഴിഞ്ഞതോടെ പാര്‍ട്ടിയുടെ തുടര്‍ പ്രവര്‍ത്തനങ്ങളില്‍ എന്തു നിലപാട് സ്വീകരിക്കണമെന്ന ആശയകുഴപ്പത്തില്‍ ബിജെപി.
തീവ്ര ഹിന്ദുത്വ നിലപാട് പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്ന് ഒരു വിഭാഗം വിമര്‍ശിക്കുമ്പോള്‍ നിലവിലെ രീതിയില്‍ തന്നെ മുന്നോട്ടുപോകാനാണ് ഔദ്യോഗിക വിഭാഗത്തിന്റെ ആഗ്രഹം.
ഹിന്ദുത്വ നിലപാട് പാര്‍ട്ടിക്ക് ദോഷം ചെയ്യുന്നതായും ഇത് മറ്റു വിഭാഗങ്ങള്‍ക്കിടയിലെ സ്വീകാര്യത നഷ്ടപ്പെടുത്തുന്നതിന് കാരണമാകുന്നതായും സംസ്ഥാന നേതാക്കളില്‍ നല്ലൊരു വിഭാഗം വാദിക്കുന്നു. ഈ വിഷയം പാര്‍ട്ടിക്കുള്ളില്‍ കൂടുതല്‍ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിരിക്കുകയാണ്.
ശബരിമല ഉള്‍പ്പെടെ ഉയര്‍ത്തി തീവ്രനിലപാട് സ്വീകരിച്ച് സംസ്ഥാന അധ്യക്ഷ പദവിയില്‍ എത്തിയ കെ.സുരേന്ദ്രനും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും മൃദുഹിന്ദുത്വ വാദത്തോട് യോജിക്കുന്നില്ല.
ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിച്ചാല്‍ മാത്രമേ കൂടുതല്‍ സ്വാധീനം നേടി പാര്‍ട്ടിക്ക് വളരാന്‍ കഴിയൂവെന്ന് ബിജെപി സംസ്ഥാന നേതൃയോഗത്തില്‍ നേതാക്കളില്‍ ഭൂരിഭാഗവും ചൂണ്ടിക്കാട്ടിയിരുന്നു.
ക്രിസ്ത്യന്‍- മുസ്ലിം വിഭാഗങ്ങളില്‍ സ്വാധീനം വര്‍ധിപ്പിക്കണമെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇത് എങ്ങനെ വേണമെന്ന കാര്യത്തില്‍ അവ്യക്തത നേതാക്കള്‍ക്കിടയില്‍ ഉണ്ടുതാനും.
കൂടുതല്‍ പൊതുസ്വീകാര്യരായ ആളുകളെ പാര്‍ട്ടിയില്‍ എത്തിക്കണമെന്ന കേന്ദ്ര നിര്‍ദേശം നടപ്പിലാക്കണമെങ്കില്‍ ഇപ്പോള്‍ തുടര്‍ന്നുപോരുന്ന നിലപാടില്‍ മാറ്റം വേണമെന്ന വാദത്തിനാണ് പാര്‍ട്ടിയില്‍ പ്രാമുഖ്യമുള്ളത്.
നിലവില്‍ കേന്ദ്രനേതൃത്വം സംസ്ഥാന ഘടകത്തിനോട് കേരളത്തിലെ കാര്യങ്ങള്‍ അവിടെ ത്തന്നെ തീരുമാനിച്ച് മുന്നോട്ടുപേകാനാണ് നിർദേശിച്ചിരിക്കുന്നത്.
ജനസ്വാധീനം വര്‍ധിപ്പിക്കാതെ യാതൊരു പരിഗണനയും നേതാക്കള്‍ക്ക് നല്‍കില്ലെന്ന നിലപാടിലാണ് കേന്ദ്ര നേതൃത്വം.
ഇ. അനീഷ്