പത്തനംതിട്ട: സംസ്ഥാന പ്രസിഡന്റ് ജനവിധി തേടുന്ന കോന്നിയിലേക്ക് ജില്ലയിലെ ബിജെപി പ്രചാരണസംവിധാനങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചതിനു പിന്നാലെ ജില്ലയിലെ മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട പരാതികള്‍ പൊട്ടിത്തെറിയുടെ വക്കില്‍.
തിരുവല്ല, അടൂര്‍, ആറന്മുള മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ക്ക് പ്രചാരണം ഒറ്റയ്ക്കു നടത്തേണ്ട സ്ഥിതിയിലാണ്. പാര്‍ട്ടി സംവിധാനങ്ങളുടെ പിന്തുണ ലഭിക്കാത്തതാണ് കാരണം. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി പ്രാദേശിക ഘടകങ്ങള്‍ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.
അശോകൻ കുളനട
തിരുവല്ലയില്‍ ജില്ലാ പ്രസിഡന്റ് അശോകന് കുളനടയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതിനു പിന്നാലെ പൊട്ടിത്തെറി ഉണ്ടായി. തിരുവല്ലയില്‍ യോഗത്തില്‍ പങ്കെടുത്തു കൊണ്ടിരുന്ന ജില്ലാ പ്രസിഡന്റിനെ മഹിളാ മോര്‍ച്ച പ്രവര്‍ത്തകരടക്കം തടഞ്ഞുവച്ചു.
ഇതിനു പിന്നാലെ മണ്ഡലം കമ്മിറ്റികളില്‍ രാജി ഉണ്ടായി. കഴിഞ്ഞ ഒരുവര്‍ഷത്തിലേറെയായി തിരുവല്ല കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവന്നിരുന്ന യുവമോര്‍ച്ച നേതാവ് അനൂപ് ആന്റണിയെ സ്ഥാനാര്‍ഥിയാക്കണമെന്നതായിരുന്നു ഇവരുടെ ആവശ്യം.
എന്നാല്‍ ആറന്മുള മണ്ഡലത്തില്‍ സംസ്ഥാന കമ്മിറ്റിയംഗം ബിജു മാത്യുവിനെ സ്ഥാനാര്‍ഥിയാക്കിയതിനാല്‍ അനൂപിനെ തിരുവല്ലയില്‍ കൊണ്ടുവരാനാകില്ലെന്ന നിലപാടാണ് നേതാക്കള്‍ സ്വീകരിച്ചത്. ഇക്കാര്യം വിശദീകരിച്ച് മണ്ഡലം കമ്മിറ്റികള്‍ വിളിച്ചെങ്കിലും പലയിടത്തും ഒത്തുതീര്‍പ്പായിട്ടില്ല.
ഇതിനിടെ അശോകന് കുളനട പിന്മാറിയേക്കുമെന്ന പ്രചാരണവുമുണ്ടായി. എന്നാല്‍ മത്സരരംഗത്ത് ഉറച്ചു നില്‍ക്കാനാണ് അദ്ദേഹത്തോടു നേതാക്കള്‍ നിര്‍ദേശിച്ചത്.
പന്തളം പ്രതാപൻ
അടൂരില്‍ കോണ്‍ഗ്രസില്‍ നിന്നു രാജിവച്ചെത്തിയ പന്തളം പ്രതാപനു സീറ്റ് നല്‍കിയതാണ് പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്. ഇന്നലെ അടൂരില്‍ പ്രതാപന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ ഒരുവിഭാഗം പ്രകടനവും യോഗവും നടത്തി. സ്വതന്ത്ര സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കുമെന്നും ഇവര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
കാലങ്ങളായി പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നവരെ അവഗണിച്ച് സമീപകാലത്ത് അംഗത്വമെടുത്തയാളെ സ്ഥാനാര്ഥിയാക്കിതയിലാണ് പ്രതിഷേധം.
ആറന്മുളയില് ബിജു മാത്യുവിന്റെ സ്ഥാനാര്‍ഥിത്വവും പ്രാദേശിക ഘടകങ്ങള്‍ അംഗീകരിച്ചിട്ടില്ല. തെരഞ്ഞെടുപ്പു സമിതികള്‍ ഇതേവരെ സജ്ജമായിട്ടില്ല. ഓര്‍ത്തഡോക്സ് സഭാംഗമായ ബിജുവിന്റെ സ്ഥാനാര്‍ഥിത്വം സംസ്ഥാന ഘടകം നേരിട്ടു നടത്തിയതാണ്.
റാന്നിയില്‍ ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റെ കെ. പത്മകുമാറാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. പത്മകുമാര്‍ കഴിഞ്ഞയാഴ്ച തന്നെ പ്രചാരണരംഗത്തു സജീവമായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ജില്ലയില്‍ വന്‍വോട്ടു വര്‍ധന ഉണ്ടാക്കിയ ബിജെപിക്ക് ഇത്തവണ സ്ഥാനാര്‍ഥി നിര്‍ണയം കല്ലുകടിയായി മാറിയിരിക്കുകയാണ്.
കോന്നി കൂടാതെ മഞ്ചേശ്വരത്തും മത്സരിക്കുന്ന സുരേന്ദ്രന് കോന്നിയിലെ പ്രചാരണരംഗത്ത് അധികദിവസം നില്‍ക്കാനുമാകില്ല.