കോട്ടയം: അടിപതറി ബിജെപി നേതൃത്വം. ജില്ലിയിൽ നിയമ സഭ തെരഞ്ഞെടുപ്പിന്റെ ഫലം പരിശോധിക്കുന്പോൾ എപ്ലസ് മണ്ഡലമായി കണക്കാക്കിയ കാഞ്ഞിരപ്പള്ളിയടക്കം എല്ലാ മണ്ഡലങ്ങളിലും ബിജെപിക്കു വോട്ടു ചോർച്ചമാത്രം.
കഴിഞ്ഞ പത്തു വർഷത്തിനിടയിൽ വലിയ വോട്ട് നേട്ടം സ്വന്തമാക്കിയെങ്കിലും നിർണായകമായ ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പിൽ ദയനീയമായ പരാജയം മാത്രമാണ് എല്ലായിടത്തും ലഭിച്ചത്. പാർലമെന്റ് തെരഞ്ഞെടുപ്പിവും അഞ്ചു മാസങ്ങൾക്കു മുന്പു നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലും ബിജെപി കൊയ്ത നേട്ടങ്ങളാണ് ഇത്തവണ യുഡിഎഫിനും എൽഡിഎഫിനു ഗുണം ചെയ്തത്.
ബിജെപി ഭരിക്കുന്ന മുത്തോലി, പള്ളിക്കത്തോട് പഞ്ചായത്തുകളിൽ പോലും വോട്ട് നിലയിൽ ബിജെപി പുറകിലായി. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും പിന്നീട് നടന്ന രണ്ടു തെരഞ്ഞുപ്പുകളിലും നേടിയ വോട്ടുകളിൽ നിന്ന് ഒരുലക്ഷത്തിൽപ്പരം വോട്ടുകളുടെ ചേർച്ചയാണ് ഇക്കുറി ജില്ലയിൽ ബിജെപിക്കുണ്ടായിരിക്കുന്നത്.
പാർട്ടിക്കുള്ളിലെ പടലപ്പിണക്കവും സ്ഥാനാർഥി നിർണയത്തിലെ അപാകതകളും വോട്ട് നേട്ടത്തെ കാര്യമായി ബാധിച്ചു. ചിലയിടങ്ങളിൽ എൻഡിഎ പാനലിൽ മത്സരിച്ച ബിഡിജഐസ് സ്ഥാനാർഥിക്കു ബിജെപി തന്നെ പാലം വലിച്ച സാഹചര്യവും ജില്ലയിലുണ്ടായി.
എല്ലാ മണ്ഡലങ്ങളിലും വ്യക്തമായ രീതിയിൽ വോട്ട് ചോർച്ച നടന്നു. ദേശിയ നേതാക്കൾ തന്പടിച്ചു ശബരിമല വിഷയമടക്കം പറഞ്ഞു പ്രചരണം നടത്തിയ എപ്ലസ് മണ്ഡലം കാഞ്ഞിരപ്പള്ളിയിൽ പോലും 3,000 ത്തോളം വോട്ടുകൾ കുറഞ്ഞു. പുതുപ്പള്ളിയിൽ ബിജെപി വോട്ടുകൾ എൽഡിഎഫ് പിടിച്ചപ്പോൾ പാലായിൽ അതു യുഡിഎഫിന്റെ മാണി സി. കാപ്പനെയാണ് തുണച്ചത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മുപ്പതിനായിരത്തിലേറെ വോട്ടു നേടിയ വൈക്കത്ത് ഇക്കുറി വോട്ടു നേട്ടം മൂന്നിലൊന്നായി കുറഞ്ഞു. ഏറ്റുമാനൂർ, കോട്ടയം, ചങ്ങനാശേരി എന്നിവിടങ്ങളിൽ ജയിച്ച സ്ഥാനാർഥികളുടെ ഭൂരിപക്ഷത്തെ വളരെ സ്വാധിനിക്കാൻ ബിജെപി വോട്ടുകൾക്കു സാധിച്ചിട്ടുണ്ട്.