കോട്ടയം: കെ. സുരേന്ദ്രനെ അനുകൂലിക്കുന്ന ജി. ലിജിൻ ലാൽ ബിജെപി ജില്ലാ പ്രസിഡന്റായതോടെ ജില്ലയുടെ നിയന്ത്രണം ഇനി ഒൗദ്യോഗിക പക്ഷത്തിന്. ആർക്കും കീഴ്പ്പെടാതെ നിലകൊണ്ട നോബിൾ മാത്യുവിനെതിരെ സുരേന്ദ്രൻ, കൃഷ്ണദാസ് പക്ഷങ്ങൾ ഒപ്പംചേർന്നപ്പോൾ കോട്ടയം ജില്ലാ പ്രസിഡന്റിന്റെ സ്ഥാനചലനം വേഗത്തിലാക്കി.
മുൻ ജില്ലാ പ്രസിഡന്റ് എൻ. ഹരിയെ സംസ്ഥാന മധ്യമേഖല പ്രസിഡന്റായി നിയമിച്ചു.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റുമാനൂർ, പൂഞ്ഞാർ സീറ്റുകളെച്ചൊല്ലിയുണ്ടായ തർക്കവും ഇരുഗ്രൂപ്പിനതീതനായി പ്രവർത്തിച്ചതും നോബിൾ മാത്യുവിനെ സ്ഥാനം നഷ്ടപ്പെടാൻ വേഗം കൂടി.
ഏറ്റുമാനൂർ, പൂഞ്ഞാർ സീറ്റുകൾ സംബന്ധിച്ച് തർക്കം ബിജെപി സ്ഥാനാർഥി നിർണയത്തിൽ വരെ പ്രതിസന്ധി സൃഷ്്ടിച്ചു. ഏറെ വൈകിയാണു ഇരുസ്ഥലങ്ങളിലും സ്ഥാനാർഥിയെ പ്രഖ്യാപിക്കാനായത്. മുൻവർഷം മികച്ച പ്രകടനം കാഴ്ച വച്ച ഇരുമണ്ഡലങ്ങളിലും കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പ്രകടനം തീരെ ദുർബലമായി.
പാർട്ടിക്കുള്ളിലെ ഇരുവിഭാഗങ്ങളുമായി അടുത്തബന്ധം പുലർത്താതിരുന്ന കോട്ടയം ജില്ലാ പ്രസിഡന്റ് നോബിൾ മാത്യുവിനെ മാറ്റിയെങ്കിലും പുതിയ സ്ഥാനം നൽകിയില്ല.യുവമോർച്ച കോട്ടയം ജില്ലാ പ്രസിഡന്റായിരുന്ന ജി. ലിജിൻ ലാലാണു പുതിയ പ്രസിഡന്റ്.
ബിജെപി ജില്ലാ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചുവരികയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കടുത്തുരുത്തിയിൽ ബിജെപി സ്ഥാനാർഥിയായിരുന്നു. മരങ്ങാട്ടുപിള്ളി കുറിച്ചിത്താനം സ്വദേശിയാണ്. 39 വയസ്. ഇന്റർനാഷണൽ ബിസിനസിൽ ബിരുദാനന്തര ബിരുദം നേടിയ ലിജിൻ ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിംഗിൽ തൊഴിൽ ചെയ്യുന്നു.
യുവമോർച്ച മണ്ഡലം പ്രസിഡന്റ്, യുവമോർച്ച ജില്ലാ പ്രസിഡന്റ്, യുവമോർച്ച സംസ്ഥാന സെക്രട്ടറി, 2014 മുതൽ ബിജെപി കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചു. കെഎസ്ഇബി ജീവനക്കാരി അനുലക്ഷ്മി എസ്. നായർ ഭാര്യയാണ്. പാർത്ഥിവ് നായർ മകനാണ്.
നിലവിൽ ബിജെപി സംസ്ഥാന സമിതി അംഗമായ എൻ. ഹരി യുവമോർച്ച പള്ളിക്കത്തോട് പഞ്ചായത്ത് കണ്വീനർ, യുവമോർച്ച പുതുപ്പള്ളി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി, യുവമോർച്ച കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി, പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, ബിജെപിയുടെ കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി, ജില്ലാ അധ്യക്ഷൻ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.
കാഞ്ഞിരപ്പള്ളി, പാലാ, പുതുപ്പള്ളി നിയോജക മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർഥിയായി ജനവിധി തേടി. പള്ളിക്കത്തോട് പഞ്ചായത്തിൽ 10 വർഷം പഞ്ചായത്ത് അംഗമായിരുന്നു. പള്ളിക്കത്തോട് തെക്കേപ്പറന്പിൽ പി.കെ. നാരായണൻ നായരുടയും സരസമ്മയുടെയും മകനാണ്. ഭാര്യ: സന്ധ്യാ. മക്കൾ: അമൃത, സംവൃത.
2020 മാർച്ച് 12നു ചുമതലയേറ്റ നോബിൾ 19 മാസത്തെ പ്രസിഡന്റു ഭരണത്തിൽനിന്നാണു മാറുന്നത്. ബിജെപി സംസ്ഥാന കമ്മിറ്റി അംഗമായി പ്രവർത്തനം തുടങ്ങിയ നോബിൾ, ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡന്റുമായിരുന്നു. നോബിൾ ചുമതലയേൽക്കുന്പോൾ തദ്ദേശസ്ഥാപനങ്ങളിൽ 87 അംഗങ്ങളുണ്ടായിരുന്നു. ഇപ്പോഴത് 118 ആയി വർധിച്ചു. രണ്ടു പഞ്ചായത്ത് ഭരണം നേടാനുമായി.
ജില്ലയിലെ പ്രബല നേതാക്കളുടെ വാർഡുകളിൽ ബിജെപിയുടെ ദയനീയ പരാജയം സംസ്ഥാന നേതൃത്വത്തിന് ജില്ലാ നേതൃത്വം റിപ്പോർട്ട് നൽകിയതും നോബിളിന്റെ സ്ഥാനചലനത്തിന് ഇടയാക്കി.