കൽപ്പറ്റ: ബത്തേരിയിൽ എൻഡിഎ സ്ഥാനാർഥിയാകാൻ സി.കെ. ജാനുവിന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ കോഴ നൽകിയെന്ന കേസിൽ ജെആർപി സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോടുമായി അന്വേണ സംഘം വയനാട് മണിമല ഹോം സ്റ്റേയിൽ തെളിവെടുപ്പ് നടത്തി.
ഇന്ന് രാവിലെ 11.30 ഓടെയാണ് കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആർ. മനോജ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രസീതയുമായി മണിമല ഹോംസ്റ്റേയിൽ എത്തിയത്.
ബിജെപി ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് മലവയൽ ഹോംസ്റ്റേയിലെത്തി പണം കൈമാറിയെന്നായിരുന്ന പ്രസീതയുടെ വെളിപ്പെടുത്തൽ.
ഇതിനെതുടർന്ന് എംഎസ്എഫ് സംസ്ഥാന അധ്യക്ഷൻ നവാസ് നൽകിയ പരാതിയിലാണ് കേസെടുക്കാൻ കൽപ്പറ്റ കോടതി ഉത്തരവിടുകയും കേസ് പിന്നീട് ക്രൈം ബ്രാഞ്ചിന് കൈമാറുകയും ചെയ്തത്.
കേസുമായി ബന്ധപ്പെട്ട് ബിജെപി ബത്തേരി മേഖല സെക്രട്ടറി കെ.പി. സുരേഷ്, ബിജെപി ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് മലവയൽ, കൽപ്പറ്റ മുൻ എംഎൽഎ സി.കെ. ശശീന്ദ്രൻ തുടങ്ങിയവരെയും ക്രൈം ബ്രാഞ്ച് സംഘം കഴിഞ്ഞ ദിവസങ്ങളിൽ ചോദ്യം ചെയ്തിരുന്നു.