സ്വന്തം ലേഖകൻ
കോഴിക്കോട്: പാർട്ടിയിൽ അച്ചടക്ക നടപടി തുടരുന്പോഴും ബിജെപി കേരളഘടകം പ്രതിസന്ധിയിൽ തന്നെ. അഴിമതിയാരോപണവുമായി ബന്ധപ്പെട്ട് കൂടുതൽ പേർ പ്രതിസ്ഥാനത്തുനിൽക്കേ, അതു ദേശീയമാധ്യമങ്ങളിൽ വരെ ചർച്ചയാകുന്പോഴും മാധ്യമങ്ങൾക്ക് വാർത്ത ചോർത്തി നൽകിയതാണ് വലിയ അപരാധമായി കാണുന്നതെന്ന പ്രചാരണമാണ് പാർട്ടിയെ കുഴക്കുന്നത്.
ഇനിയും കടുത്ത നടപടിയുണ്ടാകുമെന്നാണ് സംസ്ഥാന നേതൃത്വം അറിയിച്ചിരിക്കുന്നതെങ്കിലും അത് വാർത്ത നൽകിയവർക്കെതിരേ ആയിരിക്കുമോ എന്ന ചോദ്യമാണ് ഉയരുന്നത്. ദേശീയ കൗണ്സിൽ സമ്മേളനത്തിന്റെ മറവിൽ വ്യാജരസീത് ഉപയോഗിച്ച പണപ്പിരിവ് നടത്തിയെന്ന ആരോപണത്തിന് മറുപടിപറയാൻ നേതൃത്വത്തിന് കഴിയുന്നില്ല.
സംഭവവുമായി ബന്ധപ്പെട്ട് യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി പ്രഫുൽ കൃഷ്ണ, ബിജെപി മയ്യന്നൂർ ബൂത്ത് പ്രസിഡൻ്റ് ശശികുമാർ എന്നിവർക്കെതിരേ പാർട്ടി അച്ചടക്കനടപടി സ്വീകരിച്ചിരുന്നു. മാധ്യമങ്ങൾക്ക് ഒറിജിനൽ രസീത് ചോർത്തി നൽകിയെന്നാരോപിച്ചായിരുന്നു ഇത്. അപ്പോഴും കൃത്യമായ അന്വേഷണം ഇക്കാര്യത്തിൽ നടന്നിട്ടില്ലെന്ന്് വാദിക്കുന്നവരാണ് പാർട്ടിയിൽ വലിയൊരുവിഭാഗം.
ചെരണ്ടത്തൂർ എംഎച്ച്ഇഎസ് കോളജ്, ശ്രീ ഗ്യാസ് എജൻസി എന്നിവിടങ്ങളിൽ എന്നിവിടങ്ങളിൽ നൽകിയ രസീതാണ് വ്യാജമെന്ന് ആക്ഷേപമുയർന്നത്. ഗ്യാസ് ഏജൻസിയിലെ രസീത് പ്രഫൂലും കോളജിലെ രസീത് ഇവിടുത്തെ അധ്യാപകൻ ശശികുമാറും ചോർത്തിനൽകിയെന്നാണ് പാർട്ടി അനുമാനിക്കുന്നത്. എന്നാൽ ഈ രസീതുകൾ വ്യജമാണോ എന്ന കാര്യത്തിൽ മാത്രം ഉത്തരം നൽകാൻ നേതൃത്വം തയ്യാറല്ല.
വ്യജ രസീത് ആയതുകൊണ്ടാണല്ലോ പാർട്ടി നടപടിയെടുത്തതെന്ന് ബിജെപി ജില്ലാ കമ്മറ്റി അംഗവും തുടക്കത്തിൽ വ്യാജ രസീതുമായി ബന്ധപ്പെട്ട് ആരോപണവിധേയനുമായിിരുന്ന എം. മോഹനൻ പ്രതികരിച്ചു. വാർത്ത വന്നയുടനെ തന്നെ സംസ്ഥാന അധ്യക്ഷനുമായി സംസാരിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തെ തുടർന്നാണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു.
ആരോപണവിധേയമായ രസീതുകളുടെ കൗണ്ടർ ഫയലുകൾ പുറത്തുവിടണമെന്ന ആവശ്യവും ഒരു വിഭാഗം ഉന്നയിക്കുന്നുണ്ട്. എന്നാൽ ഒരേ നന്പറിലുള്ള രണ്ടു രസീതുകൾ ഉണ്ടെങ്കിൽ മാത്രമേ അതു വ്യാജമാകൂവെന്നിലപാടാണ് നേതാക്കൾ പങ്കുവയ്ക്കുന്നത്. എന്തായാലും കോഴ ഇടപാടിലും വ്യാജരസീത് വിവാദത്തിലും വാർത്തയാക്കിയവർക്കെതിരേയാണ് പാർട്ടി നിലപാട് എടുത്തിരിക്കുന്നത്.
ഫലത്തിൽ വാർത്തകളുടെ നിജസ്ഥിതിയേക്കാൾ അത് പ്രചരിപ്പിച്ചവരാണ് പ്രതിക്കൂട്ടിൽ എന്ന നിലപാട് സ്വീകരിക്കുന്നത് ശരിയല്ലെന്ന് സംസ്ഥാന നേതൃത്വത്തിനേതിരേ ഒരു വിഭാഗം ഉന്നയിക്കുന്നു. അതേസമയം ബിജെപി വാർത്തകൾ നൽകുന്ന മാധ്യമപ്രവർത്തകരെ കുറിച്ച് അന്വേഷിക്കാനും പാർട്ടി തീരുമാനിച്ചിട്ടുണ്ട്