ഇ. അനീഷ്
കോഴിക്കോട്: സംസ്ഥാനത്ത് തെരഞ്ഞെടുപ്പില്‍ വ്യാപകമായി കള്ളപ്പണം ഒഴുക്കിയെന്നും സി.കെ.ജാനുവിന് പത്ത് ലക്ഷം കൈമാറിയെന്നുമുള്ള ആക്ഷേപം നിലനില്‍ക്കുന്നതിനിടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സൂരേന്ദ്രനും കേന്ദ്രസഹമന്ത്രി വി.മുരളീധരനും എതിരേ പാര്‍ട്ടിയില്‍ പടയൊരുക്കം.
സംസ്ഥാന ഘടകത്തില്‍ കെ.സൂരേന്ദ്രന് പൂര്‍ണമായും ഒറ്റപ്പെട്ടുകഴിഞ്ഞതായാണ് വിലയിരുത്തല്‍. കേന്ദ്രനേതൃത്വം കനിഞ്ഞില്ലെങ്കില്‍ സ്ഥാനചലനം വരെ ഉണ്ടായേക്കുമെന്ന രീതിയിലാണ് പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന സംസാരം.
തങ്ങളെയെല്ലാം പുകമറിയില്‍ നിര്‍ത്തി കെ.സുരേന്ദ്രനും വി.മുരളീധരനും കൂടിയാണ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും തീരുമാനിച്ചതെന്ന അഭിപ്രായമാണ് ഭൂരിഭാഗം നേതാക്കള്‍ക്കുമുള്ളത്.
എന്നാല്‍ താല് മല്‍സരിച്ച മണ്ഡലങ്ങള്‍ തീരുമാനിച്ചതുപോലും പോലും കേന്ദ്രനിര്‍ദേശ പ്രകാരമായിരുന്നുവെന്നാണ് കെ.സുരേന്ദ്രന് പറയുന്നത്.
പാര്‍ട്ടിയിലേക്ക് പൊതു സമ്മതരെ ‘എന്തുവില’കൊടുത്തും എത്തിക്കുക എന്ന കേന്ദ്രനിര്‍ദേശം പ്രാവര്‍ത്തികമാക്കുകയായിരുന്നു താനെന്നാണ് സൂരേന്ദ്രന് പങ്കുവയ്ക്കുന്ന വികാരം.ഈ സാഹചര്യത്തില്‍ കേന്ദ്രപിന്തുണ തനിക്കുണ്ടെന്ന പൂര്‍ണ വിശ്വാസമാണ് അദ്ദേഹത്തിനുള്ളത്.
ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി എം. ഗണേഷ്, തൃശൂര്‍ ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ്കുമാര്‍ ഉള്‍പ്പടെ നിരവധി ബിജെപി നേതാക്കളെ ഇതിനകം പ്രത്യേക അന്വേഷകസംഘം ചോദ്യംചെയ്ത സാഹചര്യത്തില്‍ ഇവരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന കെ.സുരേന്ദ്രനിലേക്ക് തന്നെ അന്വേഷണം പൂര്‍ണമായും കേന്ദ്രീകരിക്കാനാണ് സാധ്യത.
അവസരം മുതലെടുത്ത് പി.കെ.കൃഷ്ണദാസ്, ശോഭാസുരേന്ദ്രന് വിഭാഗങ്ങള്‍ കാര്യങ്ങള്‍ കേന്ദ്രനേതൃത്വത്തെ അറിയിച്ചുകഴിഞ്ഞു. ഈ സാഹചര്യത്തില്‍ ബിജെപി കോര്‍ കമ്മറ്റിയോഗം അതിനിര്‍ണായകമാകും.നിലവില്‍ കെ.സുരേന്ദ്രന് പാര്‍ട്ടിയില്‍ പൂര്‍ണമായും ഒറ്റപ്പെട്ട നിലയിലാണ്.
അദ്ദേഹത്തിന് പൂര്‍ണ പിന്തുണ നല്‍കിയിരുന്നു വി.മുരളീധരനും ഇപ്പോള്‍ തടിരക്ഷിക്കാനുള്ള തന്ത്രപ്പാടിലാണെന്നാണ് സൂചന.ബിജെപി നേരിട്ട ശക്തമായ ആരോപണങ്ങള്‍ക്കെതിരേ പ്രതിരോധിക്കാന്‍ സംസ്ഥാന അധ്യക്ഷന്‍ തന്നെ നേരിട്ട് എത്തേണ്ടിവന്നു.
അതിനുശേഷമാണ് മുതിര്‍ന്ന നേതാവായ കുമ്മനം രാജശേഖരന് പ്രതികരണവുമായി രംഗത്തെത്തിയത്. ഈ സാഹചര്യത്തില്‍ കേന്ദ്ര നേതാക്കള്‍ കൂടി കൈവിട്ടാല്‍ സ്ഥിതി കൂടുതല്‍ ഗൗരവകരമാകും.