സ്വന്തം ലേഖകന്‍
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാന്‍ ബിജെപി കോടിക്കണക്കിന് രൂപ കുഴല്‍പ്പണം കൊണ്ടുവന്ന സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി.
ലോക് താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡന്റ്സലീം മടവൂരാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുന്നത്.
ഇന്നോ നാളെയോ പരാതി നല്‍കുമെന്ന് സലീം മടവൂര്‍ പറഞ്ഞു. 3.5 കോടിയുടെ കുഴല്‍പ്പണം തട്ടിയെടുത്ത കേസില്‍ എന്‍ഫോഴ്സ്മെന്റിനും സലീം മടവൂര്‍ പരാതി നല്‍കിയിരുന്നു.
ഇതിന്റെ പ്രാഥമിക നടപടികള്‍ക്കിടെയാണ് തെരഞ്ഞെടുപ്പ് അട്ടിമറിക്കും വിധത്തില്‍ വന്‍ തോതില്‍ പണം കേരളത്തിലെത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ പരാതി നല്‍കുന്നത്.
തെരഞ്ഞെടുപ്പില്‍ ബിജെപി വ്യാപകമായി പണം ഒഴുക്കിയിട്ടുണ്ട്. സ്ഥാനാര്‍ഥികളെ സ്വാധീനിച്ചും സ്ഥാനാര്‍ഥികളാക്കാന്‍ വന്‍ തുക ഓഫര്‍ നല്‍കിയും ബിജെപി നേതാക്കള്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടുണ്ട്.
ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ പരാതി നല്‍കുന്നത്.
മഞ്ചേശ്വരത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ അപരനായി പത്രിക നല്കിയ സുന്ദരയ്ക്ക് പിന്മാറാന് രണ്ടരലക്ഷം രൂപയാണ് ലഭിച്ചതെന്നാണ് വെളിപ്പെടുത്തല്‍.
15 ലക്ഷം രൂപയാണ് ആദ്യം വാഗ്ദാനം നല്‍കിയതെന്നാണ് ആരോപണം. പ്രാദേശിക ബിജെപി നേതാക്കള്‍ പണം വീട്ടില്‍ എത്തിച്ചെന്നും സുരേന്ദ്രന് ഫോണില്‍ ബന്ധപ്പെട്ടുവെന്നും സുന്ദര വെളിപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം സി.കെ.ജാനുവിന് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാവാന്‍ 10 ലക്ഷം രൂപ നല്‍കിയെന്നും തെരഞ്ഞെടുപ്പ് ചെലവിലേക്ക് വന്‍ തുക നല്‍കിയെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.
ഇതിന് പുറമേ പല സ്ഥാനാര്‍ഥികളും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയ തെരഞ്ഞെടുപ്പ് ഫണ്ട് വേണ്ട വിധത്തില്‍ ഉപയോഗിച്ചിട്ടില്ല. എന്നാല്‍ ഇവിടങ്ങളിലെല്ലാം വിപുലമായ രീതിയില്‍ പ്രചാരണം നടക്കുകയും ചെയ്തിട്ടുണ്ട്.
ഇപ്രകാരം വരണാധികാരി മുമ്പാകെ സമര്‍പ്പിച്ച കണക്കുകളിലെ തുക ചെലവഴിക്കാതെ എങ്ങനെ വിപുലമായ രീതിയില്‍ പ്രചാരണം നടന്നുവെന്നതും ദുരൂഹമാണ്. ഇക്കാര്യങ്ങള്‍ കൂടി തെരഞ്ഞെടുപ്പ് കമ്മീഷന് അന്വേഷിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.
തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി വലിയ തോതില്‍ പണം ഒഴുക്കിയിരുന്നതായി എല്‍ഡിഎഫും ആരോപിക്കുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് പണമൊഴുകിയെന്നാണ് പറയുന്നത്.
ഇതിനായി ചില പ്രമുഖര്‍ ദിവസങ്ങളോളം കേരളത്തില്‍ തങ്ങിയെന്നും എല്‍ഡിഎഫ് കണ്‍വീനറും ആരോപണമുന്നയിച്ചിട്ടുണ്ട്.