ബീച്ചില്‍ ഇരുപതുകാരിയായ യുവതി കൂട്ടമാനഭംഗത്തിനിരയായ സംഭവത്തില്‍ പ്രതികരിക്കവേ വിവാദ പ്രസ്താവനയുമായി ബിജെപി വനിതാ നേതാവ്. രാജ്യത്തെ മുഴുവന്‍ പൗരന്മാര്ക്കും സുരക്ഷയൊരുക്കാന്‍ സര്‍ക്കാരിനു കഴിയില്ലെന്നും ബിജെപി വനിതാ വിഭാഗം അധ്യക്ഷ സുലക്ഷണ സാവന്ത് പറഞ്ഞു.
ബീച്ചില്‍ യുവതി കൂട്ടമാനഭംഗത്തിനിരയായ സംഭവവുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തോടു പ്രതികരിക്കവെയാണ്, ബിജെപി വനിതാ നേതാവിന്റെ ഇത്തരത്തിലുള്ള പ്രതികരണം.
‘ഓരോരുത്തര്‍ക്കും സുരക്ഷയൊരുക്കാന്‍ സര്‍ക്കാരിനു കഴിയില്ല. നമ്മള് ജനങ്ങളുടെ ചിന്താരീതി മാറ്റാന്‍ ശ്രമിക്കുകയാണ് വേണ്ടത്. ഒരു പൗരന് മറ്റൊരു പൗരന്റെ സംരക്ഷകനായി പ്രവര്‍ത്തിക്കണം’.
ശനിയാഴ്ച മാധ്യമങ്ങളെ കാണവെ സാവന്ത് അഭിപ്രായപ്പെട്ടു. പരാതി നല്കാന് സ്ത്രീകള്‍ മുന്നോട്ടു വരുന്നതുകൊണ്ടാണ് പീഡനക്കേസുകള്‍ വര്‍ധിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സാവന്തിന്റെ വിവാദ പ്രസ്താവനയ്ക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി.
ധാര്‍മ്മികതയുണ്ടെങ്കില്‍ പദവിയില്‍ നിന്ന് രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. മെയ് 25-നാണ് ദക്ഷിണ ഗോവയിലെ ബീച്ചില്‍ ഇന്‍ഡോര്‍ സ്വദേശിനിയായ ഇരുപതുകാരി ആണ്‍സുഹൃത്തിന്റെ കണ്മുന്നില് കൂട്ടമാനഭംഗത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് ഇന്‍ഡോറില്‍നിന്നുള്ള മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.