സ്വന്തം ലേഖകൻ
ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കും പൗരത്വ രജിസ്ട്രേഷനുമെതിരേ ജനവികാരം ഉണ്ടാകുമെന്ന് മുൻകൂട്ടി കാണുന്നതിൽ ബിജെപിക്ക് പരാജയം നേരിട്ടുവെന്നു കേന്ദ്രമന്ത്രി ഉൾപ്പടെയുള്ള നേതാക്കൾ. യഥാർഥത്തിൽ ഇത്ര വലിയ പ്രതിഷേധം ഉണ്ടാകുമെന്ന് കരുതിയിട്ടേ ഇല്ലെന്നാണ് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് സഹമന്ത്രി സഞ്ജീവ് കുമാർ ബല്യാൻ പറഞ്ഞത്. താൻ മാത്രമല്ല എംപിമാരും മന്ത്രിമാരും ഉൾപ്പെടെ ബിജെപി നേതൃനിരയിൽ ഉള്ള മറ്റുള്ളവരും ഇങ്ങനെയൊക്കെയുണ്ടാകുമെന്നു കരുതിയിരുന്നില്ലെന്നും വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോടു മന്ത്രി പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളിൽ വിവിധ സംസ്ഥാനങ്ങളിലായി ഇതുവരെ 21 പേരാണ് കൊല്ലപ്പെട്ടത്. ബില്ലിനെതിരേ മുസ്ലിം വിഭാഗങ്ങളിൽനിന്നു പ്രതിഷേധം ഉയരുമെന്ന് കരുതിയിരുന്നുവെങ്കിലും രാജ്യവ്യാപകമായി വിദ്യാർഥികളുടെ പ്രതിഷേധം ഉണ്ടാകുമെന്ന് കരുതിയിരുന്നില്ലെന്നു മറ്റു ബിജെപി നേതാക്കളും ചൂണ്ടിക്കാട്ടി. പൗരത്വ നിയമ ഭേദഗതിയെക്കുറിച്ചും പൗരത്വ രജിസ്ട്രേഷനെക്കുറിച്ചും ന്യൂനപക്ഷ സമുദായങ്ങൾക്കിടയിലുള്ള ആശങ്കകൾ അകറ്റാൻ ഇറങ്ങി പ്രവർത്തിക്കണമെന്നു പാർട്ടി പ്രവർത്തകർക്കു നിർദേശം നൽകിയിട്ടുണ്ട്.
ബിൽ പാസാക്കുന്നതിനുമുന്പ് ഇതിന്റെ പിന്നിലുള്ള രാഷ്ട്രീയ അന്തരീക്ഷം കണക്കിലെടുത്തിരുന്നില്ലെന്നാണ് പേര് വെളപ്പെടുത്തരുതെന്ന വ്യവസ്ഥയിൽ റോയിട്ടേഴ്സിനോട് സംസാരിച്ച മൂന്ന് ബിജെപി എംപിമാരും രണ്ട് കേന്ദ്ര സഹമന്ത്രിമാരും പ്രതികരിച്ചത്. സഖ്യകക്ഷികളോടും പ്രതിപക്ഷ പാർട്ടികളോടും ചർച്ച ചെയ്യാതെയും ആലോചിക്കാതെയും നിയമം പാസാക്കിയത് തെറ്റായിപ്പോയെന്നു ഇവർ വ്യക്തമാക്കി.
അക്രമണം നടത്തുന്ന പ്രതിഷേധക്കാർക്കു പിന്നിൽ നിക്ഷിപ്ത താത്പര്യം വച്ചു പുലർത്തുന്നവരാണുള്ളതെന്ന് ആർഎസ്എസ് നേതാവ് മൻമോഹൻ വൈദ്യ പറഞ്ഞു. പ്രതിഷേധം വ്യാപകമായതോടെ ഡൽഹി രാംലീല മൈതാനിയിൽ നടന്ന വന്പൻ റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തൊട്ടു പിന്നാലെ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ ആഭ്യന്തരമന്ത്രി അമിത്ഷായും വിശദീകരണങ്ങളുമായി രംഗത്തു വന്നു.
പൗരത്വ രജിസ്ട്രേഷൻ നടപ്പാക്കുന്ന കാര്യം ചർച്ച ചെയ്തിട്ടില്ലെന്ന് മോദി പറഞ്ഞപ്പോൾ ഒരു പടി കൂടി കടന്ന് അക്കാര്യം ആലോചിച്ചിട്ടേ ഇല്ലെന്നാണ് അമിത് ഷാ പറഞ്ഞത്. എന്നാൽ, രാജ്യസഭയിലും ജാർഖണ്ഡിലും നടത്തിയ പ്രസംഗങ്ങളിൽ രാജ്യവ്യാപകമായി പൗരത്വ രജിസ്ട്രേഷൻ നടപ്പാക്കുമെന്ന അമിത്ഷായുടെ പ്രസംഗം ചൂണ്ടിക്കാട്ടി പ്രതിപക്ഷം ഈ ചുവട് മാറ്റത്തെയും ആക്രമിച്ചു.
ജനസംഖ്യ രജിസ്റ്റർ പുതുക്കുന്നതിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയതിന് തൊട്ടു പിന്നാലെയാണ് എൻപിആറും എൻആർസിയുമായി ഒരു ബന്ധവുമില്ലെന്നു വിശദീകരിച്ച് അമിത്ഷാ രംഗത്തെത്തിയത്. എൻപിആർ നടത്തില്ലെന്ന് പറഞ്ഞ കേരള, പശ്ചിമബംഗാൾ മുഖ്യമന്ത്രിമാർ തീരുമാനം പുനഃപരിശോധിക്കണമെന്നും അമിത്ഷാ അഭ്യർഥിച്ചു.
ജനസംഖ്യ രജിസ്റ്റർ പുതുക്കുന്നതിന് ഒരു തരത്തിലുള്ള രേഖകളും ഹാജരാക്കേണ്ടെന്ന് കേന്ദ്ര സർക്കാർ വിശദീകരിക്കുന്പോൾ ഇതിന്റെ രണ്ടാം ഘട്ടമെന്ന് ആരോപിക്കപ്പെടുന്ന എൻആർസി നടപ്പാക്കില്ലെന്ന് സർക്കാർ ഇതുവരെ ഉറപ്പിച്ചു വ്യക്തമാക്കിയിട്ടില്ല. എൻആർസിയെക്കുറിച്ച് പാർലമെന്റിലോ കാബിനറ്റിലോ ചർച്ച ചെയ്തിട്ടില്ലെന്ന് മാത്രമാണ് സർക്കാർ ഇതുവരെ പറഞ്ഞിട്ടുള്ളത്.