കീഴാറ്റൂരിലെ വയല്‍ക്കിളികളുടെസമരം ബിജെപി ഏറ്റെടുക്കുന്നു. സമരം ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ഏപ്രില്‍ മൂന്നിനു കീഴാറ്റൂരില്‍ നിന്നും കണ്ണൂരിലേക്കു ബിജെപിയുടെ നേതൃത്വത്തില്‍ നടത്തുന്ന കര്‍ഷക മാര്‍ച്ച് നടത്തും. മാര്‍ച്ചില്‍ പങ്കെടുക്കാന്‍ നന്ദിഗ്രാമില്‍ നിന്നുള്ള കര്‍ഷക പോരാളികളെ ബിജെപിയുടെ നേതൃത്വത്തില്‍ കീഴാറ്റൂരിലെത്തിക്കും. ബിജെപി സംസ്ഥാന സെക്രട്ടറി പി.ഗോപാലകൃഷ്ണനാണ് ഇന്നലെ കേരളം കീഴാറ്റൂരിലേക്ക് പരിപാടിയില്‍ പ്രസംഗിക്കവെ പ്രഖ്യാപനം നടത്തിയത്. മൂന്നിനു രാവിലെ കീഴാറ്റൂരില്‍ നിന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയുന്ന മാര്‍ച്ച് ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് നയിക്കും.
അതേസമയം സമരത്തിന് അനുഭാവം മാത്രം പ്രകടിപ്പിച്ചാണ് കോണ്‍ഗ്രസും സിപിഐയും രംഗത്ത് എത്തിയിരിക്കുന്നത്. കീഴാറ്റൂര്‍ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ തീരുമാനം രണ്ട് ദിവസത്തിനുള്ളില്‍ എടുക്കുമെന്ന് ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി രാഷ്ട്രദീപികയോട് പറഞ്ഞു. കീഴാറ്റൂര്‍ വിഷയത്തിലെ യുഡിഎഫ് നിലപാട് സംസ്ഥാന നേതാക്കളുമായി കൂടിയാലോചിച്ച ശേഷം പ്രഖ്യാപിക്കും. കീഴാറ്റൂര്‍ സമരത്തോട് യുഡിഎഫ് അനുഭാവപൂര്‍വമുള്ള നിലപാടാണ് സ്വീകരിച്ചതെന്നും സതീശന്‍ പാച്ചേനി പറഞ്ഞു. കീഴാറ്റൂര്‍ സമരത്തില്‍ സിപിഐയുടെ പിന്തുണ വയല്‍ക്കിളികള്‍ക്കാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി പി. സന്തോഷ്‌കുമാര്‍.
കൊടിയുടെ നിറം നോക്കിയാണ് ഇപ്പോള്‍ ബിജെപി ഈ സമരം ഏറ്റെടുത്തതിന്റെ പിന്നിലെന്ന് സന്തോഷ്‌കുമാര്‍ പറഞ്ഞു. വളപട്ടണത്ത് കണ്ടല്‍പാര്‍ക്ക് ഉദ്ഘാടനം ചെയ്ത സുരേഷ് ഗോപിയെയാണ് ഇന്നലെ ബിജെപി സമരത്തില്‍പങ്കെടുപ്പിക്കാന്‍ കൊണ്ടുവന്നത്. ഇടതുവിരുദ്ധ സമരമാക്കാനാണ് ബിജെപിയുടെ ശ്രമം. ഇതിനെ സിപിഐ അംഗീകരിക്കുന്നില്ലെന്നും സന്തോഷ്‌കുമാര്‍ പറഞ്ഞു. വയല്‍ക്കിളികളുടെ സമരം ബിജെപി ഏറ്റെടുത്തതോടെ സമരത്തോടുള്ള അനുഭാവം പ്രകടിപ്പിക്കല്‍ മാത്രമാണ് കോണ്‍ഗ്രസിന്റെയും സിപിഐയുടെയും ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. മുസ്ലിംലീഗും സമരത്തോട് അനുഭാവം മാത്രമാണ് പ്രകടിപ്പിച്ചിരുന്നത്.