കായംകുളം: നിർധന കുടുംബത്തിലെ പതിനാലുകാരനെ ക്രൂരമായി മർദിച്ച സംഭവത്തിൽ ബിജെപി പ്രാദേശിക നേതാവ് റിമാൻഡിൽ. കായംകുളം കൃഷ്ണപുരം കാപ്പിൽ കിഴക്ക് ആലംപള്ളിൽ മനോജ് (ജിജി -47 ) ആണ് റിമാൻഡിലായത്. ഇയാൾക്കെതിരേ വധശ്രമ കേസ് എടുത്ത് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
കായംകുളം കൃഷ്ണപുരം കാപ്പിൽ കിഴക്ക് വി. എസ് നിവാസിൽ ഷാജി- ഫാത്തിമ ദമ്പതികളുടെ മകൻ ഷാഫി(14) , പത്ത് വയസുള്ള സഹോദരൻ എന്നിവരെ സൈക്കിളിൽ പോകുമ്പോൾ തടഞ്ഞുനിർത്തി ക്രൂരമായി മർദിച്ച കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
നിർധന കുടുംബത്തെ സഹായിക്കാൻ ഒരു വീട്ടിൽ നിന്ന് ഇവർക്ക് നൽകിയ ആക്രി സാധനങ്ങൾ വിൽക്കാൻ ഷാഫിയും സഹോദരനും കൂടി സൈക്കിളിൽ പോകുമ്പോൾ വഴിയിൽ തടഞ്ഞു നിർത്തി ഇത്രയും ആക്രിസാധനങ്ങൾ എവിടെ നിന്നാണെന്നും മോഷ്ടിച്ചതാണോ എന്നും കുട്ടികളെ ചോദ്യം ചെയ്തായിരുന്നു മർദനം.
സൈക്കിൾ നിന്നു ചവിട്ടി താഴെയിടുകയും ക്രൂരമായി മർദിക്കുകയും ചെയ്തു. മർദനത്തെ തുടർന്ന് ഗുരുതര പരിക്കേറ്റ പതിനാലുകാരൻ ഷാഫിയെ ആലപ്പുഴ വണ്ടാനം മെഡി.കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ ആയിരുന്നു സംഭവം.
സംഭവത്തെ തുടർന്ന് പോലീസിൽ പരാതിപ്പെട്ടിട്ടും യാതൊരു നടപടിയും എടുത്തില്ലന്ന് ബന്ധുക്കളുടെ പരാതിയും ശക്തമായി. തുടർന്നാണ് മർദനമേറ്റ കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുത്ത് കായംകുളം പോലീസ് പ്രതി മനോജിനെ അറസ്റ്റ് ചെയ്തത്.