കര്‍ണാടക തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയ്ക്ക് വന്‍ തിരിച്ചടി! ബിജെപി സ്ഥാനാര്‍ത്ഥി ബി ശ്രീരാമലു 160 കോടി വാഗ്ദാനം ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്

കര്‍ണാടക തെരഞ്ഞെടുപ്പ് കണ്‍മുന്നില്‍ എത്തിനില്‍ക്കേ ബിജെപിയെ വെട്ടിലാക്കി പുതിയ വീഡിയോ പുറത്ത്. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി സിദ്ധരാമയ്യയ്‌ക്കെതിരെ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ബി ശ്രീരാമലുവിനെതിരെയാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്.

റെഡ്ഡി സഹോദരന്‍മാര്‍ക്ക് സുപ്രീം കോടതിയില്‍ നിന്നും അനുകൂലവിധി സമ്പാദിക്കുന്നതിനായി ബിജെപി നേതാവ് ശ്രീരാമലു 160 കോടി രൂപ വാഗ്ദാനം ചെയ്യുന്നു എന്നാരോപിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

2010ലെ വീഡിയോ ആണിപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ശ്രീരാമലു അടക്കം നാലു പേര്‍ക്കെതിരെയാണ് വീഡിയോയിലുള്ളതെന്ന് ആരോപണം. കന്നഡ ചാനലാണ് ദൃശ്യം പുറത്തുവിട്ടിരിക്കുന്നത്. കോടതി വിധി മറികടന്ന് അനുകൂലവിധി സമ്പാദിക്കുന്നതിന് കൈക്കൂലി വാഗ്ദാനം ചെയ്യുന്ന ദൃശ്യങ്ങളാണ് ദൃശ്യങ്ങളിലുള്ളതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.

ബി.ജെ.പി നേതാക്കളായ ജി. ജനാര്‍ദ്ദന റെഡ്ഡി, സോമശേഖര റെഡ്ഡി എന്നിവരുടെ നിയന്ത്രണത്തിലുള്ള ഒബ്ലാപുരം മൈനിങ് കമ്പനി (ഒ.എം.സി) നടത്തിവന്ന ഖനനം നിര്‍ത്തിവെക്കാന്‍ കോടതി വിധിയുണ്ടായിരുന്നു. എന്നാല്‍ അടുത്തമാസം റെഡ്ഡി സഹോദരങ്ങള്‍ക്ക് അനുകൂലമായ വിധിയുണ്ടാകുകയും ചെയ്തു.

 

Related posts