ന്യൂഡൽഹി: തെരഞ്ഞെടുപ്പു ബോണ്ടുകൾ വഴി ബിജെപിക്ക് ലഭിച്ച സംഭാവനയുടെ കൃത്യമായ വിവരം ദുരൂഹതയിൽ. ഇതേക്കുറിച്ചു വിവരമാരാഞ്ഞ മാധ്യമപ്രവർത്തകയെ കേന്ദ്രമന്ത്രി മറുപടി നൽകാതെ ട്വിറ്ററിൽ ബ്ലോക്ക് ചെയ്യുകയും ചെയ്തു. 2018-19 വർഷത്തിൽ ആകെ ആറായിരം കോടി രൂപയുടെ തെരഞ്ഞെടുപ്പു ബോണ്ടുകൾ വിറ്റതിൽ കോണ്‍ഗ്രസിന് 550 കോടി രൂപയുടേത് കിട്ടി. മറ്റു പാർട്ടികൾക്കെല്ലാം കൂടി 587 കോടി രൂപയാണ് ആകെ ലഭിച്ചത്. ഏകദേശം 4500 കോടി രൂപ തെരഞ്ഞെടുപ്പു ബോണ്ടുകൾ വഴി ബിജെപിക്ക് ലഭിച്ചുവെന്നാണു കരുതുന്നത്.
ഇതു സംബന്ധിച്ച് വാർഷിക കണക്കുകൾ തെരഞ്ഞെടുപ്പു കമ്മീഷന് നൽകേണ്ട അവസാന തീയതി ഒക്ടോബർ 31 ആയിരുന്നു. എന്നാൽ, രാഷ്്ട്രീയ പാർട്ടികളുടെ സംഭാവനാ വിവരങ്ങൾ തെരഞ്ഞെടു കമ്മീഷൻ ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല.
അതിനിടെ, ബിജെപിക്ക് എത്ര രൂപ തെരഞ്ഞെടുപ്പു ബോണ്ടുകൾ വഴി ലഭിച്ചുവെന്ന ചോദ്യത്തിന് പാർട്ടിയിൽനിന്നും ഉത്തരമില്ല. ഇത് സംബന്ധിച്ച ചോദ്യമുന്നയിച്ച് മാധ്യമപ്രവർത്തക പൂനം അഗർവാളിനു മറുപടി നൽകാതെ അവരുടെ ഒൗദ്യോഗിക ട്വിറ്റർ അക്കൗണ്ട് ബ്ലോക്ക് ചെയ്യുകയാണ് ബിജെപി ട്രഷററും കേന്ദ്രമന്ത്രിയുമായ പിയൂഷ് ഗോയൽ ചെയ്തത്.
കർണാടക നിമയസഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുൻപായി ബിജെപിക്കു വേണ്ടി തെരഞ്ഞെടുപ്പു ബോണ്ടുകളുടെ ചട്ടങ്ങളിൽ മാറ്റം വരുത്തിയത് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിനെ തുടർന്നാണ്. അരുണ്‍ ജയ്റ്റ്ലി ധനമന്ത്രിയായിരുന്നപ്പോൾ 2017ലെ ബജറ്റിൽ അവതരിപ്പിച്ച തെരഞ്ഞെടുപ്പ് ബോണ്ട് പദ്ധതി പ്രകാരം വർഷം നാലുവട്ടമാണ് രാഷ്ട്രീയപാർട്ടികൾക്ക് ബോണ്ടുകൾ സ്വീകരിക്കാവുന്നത്.
ജനുവരി, ഏപ്രിൽ, ജൂലൈ, ഒക്ടോബർ മാസങ്ങളിലാണിത്. ഈ മാസങ്ങളിലെ ആദ്യ 10 ദിവസങ്ങളിലായി എസ്ബിഐയിൽനിന്ന് തെരഞ്ഞെടുപ്പ് ബോണ്ടുകൾ വാങ്ങി ഇഷ്ടമുള്ള രാഷ്ട്രീയപാർട്ടികൾക്ക് കൈമാറുന്നതാണു രീതി. 2018 മേയ് 12നായിരുന്നു കർണാടക തെരഞ്ഞെടുപ്പ്. ബോണ്ട് രാജ്യത്ത് ആദ്യമായി പുറപ്പെടുവിച്ചത് ആ വർഷം മാർച്ചിലാണ്. അക്കാരണം കൊണ്ടു തന്നെ രണ്ട് മാസത്തിനു ശേഷമേ അടുത്ത ബോണ്ട് ഇറക്കാനാകൂ.
എന്നാൽ, ഏപ്രിലിൽ വീണ്ടും ബോണ്ട് ഇറക്കാൻ വിജ്ഞാപനത്തിന് ധനമന്ത്രാലയത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് സമ്മർദം ചെലുത്തുകയായിരുന്നു. ഇത് ചട്ടവിരുദ്ധമാണെന്ന് അന്നത്തെ സാന്പത്തികകാര്യ സെക്രട്ടറി എസ്.സി ഗാർഗ് നിലപാടെടുത്തു. എന്നാൽ, വൈകാതെ ബോണ്ട് പുറപ്പെടുവിക്കണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നു നിർദേശം നൽകുകയായിരുന്നു. അങ്ങനെയാണ് വീണ്ടും ബോണ്ടുകൾ പുറപ്പെടുവിച്ചത്.