സിജോ പൈനാടത്ത്
കൊച്ചി: കേരളത്തിൽ മൂന്നു മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു ലോക്സഭാ തെരഞ്ഞെടുപ്പിന്റെ കളത്തിലിറങ്ങാനൊരുങ്ങി ബിജെപി. തൃശൂർ, പാലക്കാട്, തിരുവനന്തപുരം മണ്ഡലങ്ങളിൽ മുഖ്യശ്രദ്ധ നൽകി പ്രവർത്തനങ്ങൾ തുടങ്ങാനുള്ള കേന്ദ്ര നിർദേശം സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രഭാരിയും മുൻ കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവ്ദേക്കർ സംസ്ഥാന നേതാക്കളെ അറിയിച്ചു.
തൃശൂരിൽ നടൻ സുരേഷ് ഗോപിയെ രംഗത്തിറങ്ങാനുള്ള നിർദേശത്തിന് തത്വത്തിൽ അംഗീകാരമായി. ഇക്കാര്യത്തിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്കിടയിൽ അഭിപ്രായ ഐക്യമുണ്ടായെന്നതും ശ്രദ്ധേയമാണ്.
തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി വി. മുരളീധരനെ മത്സരിപ്പിക്കാനുള്ള നിർദേശവും പ്രകാശ് ജാവ്ദേക്കറുടെ സാന്നിധ്യത്തിൽ കൊച്ചിയിൽ കഴിഞ്ഞ ദിവസം ചേർന്ന ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗത്തിൽ ഉയർന്നു. സജീവരാഷ്ട്രീയത്തിനു പുറത്തുള്ള പൊതുസമ്മതനായ ഒരാളെ പാലക്കാട് രംഗത്തിറക്കാനാണ് നിലവിലെ ആലോചന.
ഇതിനായുള്ള ചർച്ചകൾക്കും സംസ്ഥാന നേതാക്കൾ തുടക്കമിട്ടു. ആറ്റിങ്ങൽ മണ്ഡലത്തിലും മികച്ച സ്ഥാനാർഥിയെ അവതരിപ്പിച്ച് ഒരുകൈ നോക്കാനുള്ള നിർദേശവും നേതൃത്വം പരിഗണിക്കുന്നുണ്ട്.
ജയസാധ്യതയുള്ള മണ്ഡലങ്ങളിൽ സ്ഥാനാർഥിയെ നേരത്തെ അവതരിപ്പിക്കുന്നതിലൂടെ പ്രവർത്തകർക്കും അണികൾക്കും തെരഞ്ഞെടുപ്പു പ്രവർത്തനത്തിന് ഊർജം പകരുകയാണ് നേതൃത്വം ലക്ഷ്യമിടുന്നത്.
ഇതിനിടെ സംസ്ഥാനത്തു ബൂത്ത് കമ്മിറ്റികൾ പോലും പ്രവർത്തിക്കാത്ത 25 ശതമാനം മണ്ഡലങ്ങളുണ്ടെന്നു ബിജെപി കേന്ദ്ര നേതൃത്വം വിലയിരുത്തിയിട്ടുണ്ട്.
കൊച്ചി, തിരുവനന്തപുരം തുടങ്ങിയ നഗരസഭകളിൽ കൗൺസിലർമാരുള്ള മേഖലകളിൽ പോലും ബൂത്ത് കമ്മിറ്റികൾ നിർജീവമാണെന്ന റിപ്പോർട്ട് കേന്ദ്രനേതൃത്വം ഗൗരവമായാണു കാണുന്നത്.
ഇതിൽ സംസ്ഥാന നേതൃത്വത്തിന്റെ ഏകോപനമില്ലായ്മയും കാരണമാണെന്ന വിലയിരുത്തലിലാണ് കേന്ദ്രനേതൃത്വം. ഇക്കാര്യങ്ങളും പ്രകാശ് ജാവ്ദേക്കറുടെ സാന്നിധ്യത്തിൽ കോർ കമ്മിറ്റി യോഗത്തിൽ ചർച്ചയായി.
അസംബ്ലി മണ്ഡലങ്ങളെ രണ്ടായി തിരിച്ചു പ്രത്യേകം കമ്മിറ്റികൾ രൂപീകരിച്ചു തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും നിർദേശമുണ്ട്.