ചാത്തന്നൂർ: പോളച്ചിറ ഏലായിൽ നെൽകൃഷിയുടെ മറവിൽ വ്യാജ രേഖകൾ ഉണ്ടാക്കി ലക്ഷങ്ങളുടെ സബ്സിഡി തട്ടിയെടുക്കാൻ കൂട്ടുനിന്ന കൃഷി ഓഫീസർക്കും പാടശേഖര സമിതിക്കെതിരെയും വിജിലൻസ് അന്വേഷണം ആവശ്യപെട്ട് ബി ജെ പി ചിറക്കര പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ ചിറക്കര കൃഷിഭവനിലേക്ക് പ്രതിക്ഷേധ മാർച്ചും ധർണയും നടത്തി.ബി ജെ പി ചിറക്കര പഞ്ചായത്ത് സമിതി പ്രസിഡന്റ് ജി സന്തോഷിന്റെ അധ്യക്ഷതയിൽ കൂടിയ പ്രതിഷേധ ധർണ്ണ ബി ജെ പി നിയോജകമണ്ഡലം പ്രസിഡന്റ് സുനിൽകുമാർ ഉൽഘാടനം ചെയ്തു.
പോളച്ചിറ ഏലാ ചിറക്കര ഗ്രാമ പഞ്ചായത്ത് ഭരണസമിതി ഭാരവാഹികളുടെ ബിനാമി ഇടപാടുകളുടെ കേന്ദ്രമാണെന്നും, ഇവരുടെ ബിനാമികളാണ് പോളച്ചിറ ഏലായിൽ പാട്ടത്തിനു രേഖയുണ്ടാക്കി കൃഷി ഭവൻ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ലക്ഷകണക്കിന് രൂപ തട്ടിയെടുക്കുന്നതെന്നും ബി ജെ പി ആരോപിച്ചു.
20 സെന്റ് നിലം മാത്രമുള്ളയാളും 5 ഏക്കർ സ്ഥലത്തിന് സബ്സിഡി വാങ്ങിയിരിക്കുന്നത് കരഭൂമിയുടെ പട്ടയം കാണിച്ച് ആണെന്നും ഇതെല്ലാം ഉദ്യോഗസ്ഥരുടെയും പാടശേഖര സമിതിയുടെയും അറിവോടെയാണന്നും ബി ജെ പി കുറ്റപ്പെടുത്തി.പാടശേഖര സമിതിയുടെ കീഴിൽ രൂപീകരിച്ച മൽസ്യ ക്ലബുകൾക്ക് ഫിഷറീസ് വകുപ്പിൽ നിന്നും ലഭിച്ച 15 ലക്ഷം രൂപയോളം സബ്സിഡി ഏത് അക്കൗണ്ടിലേക്ക് വകമാറ്റിയെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജനങ്ങളോട് മറുപടി പറയണമെന്ന് ചിറക്കര പഞ്ചായത്ത് സമിതി പ്രസിഡന്റ് ജി.സന്തോഷ് ആവശ്യപെട്ടു.
ബി ജെ പി കൊല്ലം ജില്ലാ കമ്മിറ്റി അംഗങ്ങളായ ബി സജൻലാൽ, സുരേഷ് കുമാർ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ അനിൽപൂയപള്ളി, പ്രശാന്ത്, തുടങ്ങിയവർ പ്രസംഗിച്ചു. നവീൻ കൃഷ്ണ, കെ പി മുരുകൻ,വിനയൻ, ശശിധരൻ പിള്ള, കോമളൻ വേലായുധൻ, മനോജ് പോളച്ചിറ,ചിറക്കരസൈഗാൾ, തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.