ദളിത്, പട്ടേല്‍ പ്രക്ഷോഭങ്ങളില്‍ എരിതീയിലായ ഗുജറാത്തിലെ ബിജെപിയുടെ ആശങ്കകള്‍ ഉയര്‍ത്തി ആര്‍എസ്എസ് സര്‍വ്വേ. ഇപ്പോഴത്തെ അവസ്ഥയില്‍ ഉടന്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ ഭരണത്തുടര്‍ച്ചയെന്നത് സ്വപ്നം മാത്രമാകുമെന്നാണ് രഹസ്യസര്വ്വേയിലെ ഫലം. ആര്‍എസ്എസ് പ്രചാരകരാണ് സര്‍വ്വേ നടത്തിയത്. ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആര്‍എസ്എസ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
നിലവിലെ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ ആകെയുള്ള 182 സീറ്റുകളില്‍ ബിജെപിക്ക് ലഭിക്കുക 60-65 സീറ്റുകള്‍ മാത്രം. സര്‍വ്വേയില്‍ പങ്കെടുത്തവര്‍ രാജിവച്ച മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലിന് പാസ് മാര്‍ക്ക് പോലും നല്‍കുന്നില്ല. എന്നാല്‍ മോദിയായിരുന്നു മുഖ്യമന്ത്രിയെങ്കില്‍ ഒരുവട്ടം കൂടി ബിജെപിക്കു വോട്ടു ചെയ്യുമെന്നു അഭിപ്രായം രേഖപ്പെടുത്തിയവരും നിരവധിയാണ്.
ഹിന്ദു വോട്ട് ബാങ്കായിരുന്നു ഗുജറാത്തിലെ ബിജെപിയുടെ അടിത്തറ. ഹിന്ദു വോട്ടുബാങ്കുകളെ എക്കാലത്തും കൂടെനിര്‍ത്താന്‍ ബിജെപി സര്‍ക്കാരുകള്‍ ശ്രമിച്ചിരുന്നു. ഗുജറാത്ത് കലാപത്തിനുശേഷം പ്രത്യേകിച്ചും. എന്നാല്‍, ഇപ്പോള്‍ പശുവിന്റെ പേരിലുള്ള ആരുംകൊലകളും ദളിത് പീഡനവും ഒപ്പം പട്ടേല്‍ സമുദായത്തിന്റെ പ്രക്ഷോഭങ്ങളുമാണ് ബിജെപിക്ക് തിരിച്ചടിയാകുന്നത്. മുന്‍കാലങ്ങളില്‍ ബിജെപി സര്‍ക്കാരിന് വോട്ടു ചെയ്തവരെല്ലാം ഇത്തവണ മറിച്ചൊരു ചിന്താഗതിയിലാണെന്ന് സര്‍വ്വേ പറയുന്നു.
അതേസമയം, ഗുജറാത്തില്‍ അത്ര വലിയ ശക്തിയൊന്നുമല്ലെങ്കിലും ബിജെപിയുടെ വീഴ്ച്ചയില്‍ നേട്ടംകൊയ്യമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് നേരത്തെ നടത്തണമെന്ന പ്രതിപക്ഷനേതാവ് ശങ്കര്‍സിംഗ് വഗേലയുടെ പ്രസ്താവന ഇതിനു തെളിവാണ്. മുമ്പ് ആര്‍എസ്എസ് പ്രചാരകനായിരുന്ന വഗേലയാണ് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ ഗുജറാത്തിലെ മുഖം. കിട്ടിയ അവസരം മുതലാക്കി കൂടുതല്‍ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കാനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരെ അണിനിരത്തി വന്‍ റോഡ് ഷോ നടത്താനും കോണ്‍ഗ്രസിനു പദ്ധതിയുണ്ട്.