പെട്രോളിന് വിലകൂടുന്നത് പോലും ശൗചാലയങ്ങള്‍ നിര്മിക്കുന്നതിനായാണെന്നാണ് ബിജെപി നേതാക്കളുടെ ന്യായീകരണം. ഒരു വശത്ത് ഇത്തരം ന്യായങ്ങള്‍ നിരത്തുമ്പോള്‍ മറുവശത്ത് അതിന് വിരുദ്ധമായ പ്രവര്‍ത്തികള്‍ നടത്തുന്നതാണിപ്പോള്‍ വിവാദമായിരിക്കുന്നത്. പൊതു നിരത്തില്‍ മൂത്രമൊഴിച്ച്, ചോദ്യം ചെയ്തപ്പോള്‍ തന്റെ പ്രവര്‍ത്തിയെ ന്യായീകരിക്കുകയും ചെയ്ത ബിജെപി മന്ത്രിയാണ് വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്നത്.
രാജസ്ഥാനില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് റാലിക്കിടെ മുഖ്യമന്ത്രി വസുന്ധരരാജെ സിന്ധ്യയുടെ പോസ്റ്ററിനു ചുവട്ടില്‍ പരസ്യമായി മൂത്രമൊഴിച്ചത് മന്ത്രി ഷാബനു സിംഗ് ഖത്തേസറാണ്. ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായപ്പോള്‍ വിശദീകരണവുമായി മന്ത്രിയെത്തി.
‘ഇതൊക്കെ പണ്ടുമുതലേ എല്ലാവരും ചെയ്യന്നതല്ലേ അതിലെന്താണ് തെറ്റ് ‘എന്നാണ് മന്ത്രിയുടെ മറുപടി. അജ്മീറില്‍ ബി.ജെ.പി റാലിക്കിടെയാണ് വേദിയോട് ചേര്‍ന്നുള്ള മതിലിന്റെ ചുവട്ടിലായിരുന്നു മന്ത്രി മൂത്രശങ്ക തീര്‍ത്തത്. ഇവിടെതന്നെ മുഖ്യമന്ത്രിയുടെ ഒരു പോസ്റ്റര്‍ കിടപ്പുണ്ടായിരുന്നു.
പോസ്റ്ററിനെ മറയാക്കിയായിരുന്നു മന്ത്രിയുടെ പരസ്യമായ മൂത്രമൊഴിക്കല്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്ന പദ്ധതിയായ ‘സ്വച്ഛ ഭാരത് മിഷനെ വെല്ലുവിളിക്കുന്നതുമാണ് മന്ത്രിയുടെ കലാപരിപാടിയെന്നാണ് ആളുകള്‍ പ്രതികരിക്കുന്നത്.
പോസ്റ്ററിനു സമീപമാണ് താന്‍ മൂത്രമൊഴിച്ചതെന്ന വാദവും അദ്ദേഹം തള്ളി. പ്രചാരണപോസ്റ്ററിനു സമീപമല്ല താന്‍ മൂത്രമൊഴിച്ചതെന്ന് അദ്ദേഹം പറയുന്നു. ആളൊഴിഞ്ഞ സ്ഥലങ്ങളിലായതിനാല്‍ പരസ്യമായി മൂത്രമൊഴിച്ചതുകൊണ്ട് ഇവിടെയാര്‍ക്കും രോഗങ്ങളൊന്നും വരില്ല.
താന്‍ മൂത്രമൊഴിച്ച സ്ഥലം ഒറ്റപ്പെട്ടയിടമാണെന്നും അദ്ദേഹം പറയുന്നു. തെരഞ്ഞെടുപ്പ് റാലിയുമായി ബന്ധപ്പെട്ട് താന്‍ തിരക്കിലായിരുന്നുവെന്നും സമീപപ്രദേശത്തൊന്നും ശൗചാലയങ്ങള്‍ ഇല്ലാത്തതിനാലുമാണ് പൊതുസ്ഥലത്ത് മൂത്രമൊഴിക്കേണ്ടിവന്നതെന്നും അദ്ദേഹം പറയുന്നു.