ബി.പി.എല്‍ ആനുകൂല്യം ലഭിക്കണമെങ്കില്‍ വീട്ടില്‍ ഒരു പശുവിനെയെങ്കിലും വളര്‍ത്തണമെന്നുള്ള നിയമം കൊണ്ടുവന്ന് നടപ്പാക്കണമെന്ന് ബി.ജെ.പി എം.എല്‍.എ. മധ്യപ്രദേശില്‍ നിന്നുള്ള എം.എല്‍.എ മുരളീധര്‍ പടിതാറാണ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചത്. ബി.പി.എല്‍ കാര്‍ഡുടമകള്‍ക്ക് റേഷനും മറ്റ് സര്‍ക്കാര്‍ ആനുകൂല്യങ്ങളും ലഭിക്കും. എല്ലാ ബി.പി.എല്‍ കാര്‍ഡ് ഉടമകളും വീട്ടില്‍ ഒരു പശുവിനെയെങ്കിലും വളര്‍ത്തണമെന്ന് നമുക്ക് നിയമം കൊണ്ടുവന്നുകൂടേ? പശുവിനെ വളര്‍ത്തിയില്ലെങ്കില്‍ അവര്‍ക്ക് ബിപിഎല്‍ ആനുകൂല്യം ലഭിക്കില്ല എന്നാക്കണം നിയമം. അദ്ദേഹം പറഞ്ഞു. അലഞ്ഞുതിരിഞ്ഞു നടക്കുന്ന പശുക്കള്‍ കൃഷി നശിപ്പിക്കുകയും കര്‍ഷകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുന്നു എന്ന വാദത്തെ അംഗീകരിച്ചുകൊണ്ടുള്ള പ്രമേയം ചര്‍ച്ച ചെയ്യവെയായിരുന്നു എം.എല്‍.എയുടെ പരാമര്‍ശം. ബി.ജെ.പി എം.എല്‍.എ ഷങ്കര്ലാല് തിവാരിയാണ് പ്രമേയം അവതരിപ്പിച്ചത്.
വിളവെടുപ്പിനുശേഷം കര്‍ഷകര്‍ പശുക്കളെ മേയാനായി അഴിച്ചുവിടുന്ന രീതി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം ഇതാണ് അലഞ്ഞുതിരിഞ്ഞു നടക്കുന്ന പശുക്കള്‍ വര്‍ധിക്കാന്‍ കാരണമെന്നും അഭിപ്രായപ്പെട്ടു. ഗോമാതാവ്, ചാണകം, ഗോമൂത്രം തുടങ്ങിയവയുടെ ‘മഹത്വം’ ആയിരുന്നു ചര്‍ച്ചയില്‍ പ്രധാനമായും ഉയര്‍ന്നതെങ്കിലും അലഞ്ഞുതിരിയുന്ന പശുക്കള്‍ വന്‍ പ്രശ്നങ്ങളുണ്ടാക്കുന്നതായി ചിലര്‍ ചൂണ്ടിക്കാട്ടുകയായിരുന്നു. പശുക്കള്‍ക്കു മേയാന്‍ പുല്മേടുകളില്ലാത്തതും സാമ്പത്തികമായ പ്രശ്നങ്ങളുമെല്ലാം പശുക്കളെ ഉടമസ്ഥര്‍ ഉപേക്ഷിക്കുന്നതിനു കാരണമാകുന്നെന്ന് യോഗം വിലയിരുത്തി. ‘പശുക്കള്‍ക്ക് മുമ്പുണ്ടായിരുന്ന വിലയൊന്നും ഇന്നില്ല. കാരണം പശുവളര്‍ത്തല്‍ വലിയ സാമ്പത്തിക സ്രോതസ്സായി ആളുകള്‍ ഇപ്പോള്‍ കാണുന്നില്ല’. പടിതാര്‍ പറഞ്ഞു. ഇദ്ദേഹത്തിന്റെ മണ്ഡലത്തിലാണ് രാജ്യത്തിലെ ആദ്യത്തെ പശുസംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. എന്നാല്‍ ഇപ്പോള്‍ അത് തന്നെ ഭയപ്പെടുത്തുകയാണെന്നാണ് അദ്ദേഹം പറയുന്നത്. ‘ഒരുപാടാളുകള്‍ അതിനെക്കുറിച്ച് ചോദിക്കുന്നത് എന്നെ ഭയപ്പെടുത്തുന്നു. 24 മണിക്കൂറിനുള്ളില്‍ അതിനുള്ളിലേക്ക് 40000 മുതല്‍ 50000 പശുക്കളെ വരെ തുറന്നുവിട്ടേക്കാമെന്ന നിലയിലാണ് കാര്യങ്ങള്‍. ‘ അദ്ദേഹം പറഞ്ഞു.