ബിജെപി അഴിമതി നടത്തിയിട്ടുണ്ട്! തുറന്നുപറഞ്ഞ് ഗുജറാത്തിലെ ബിജെപി എംഎല്‍എ; കിഷോര്‍ ചൗഹാന്റെ പാര്‍ട്ടിയിലെ അഴിമതിയെക്കുറിച്ച് വെളിപ്പെടുത്തുന്ന ടെലിഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ പുറത്ത്

ബിജെപിയ്ക്ക് അഴിമതിയില്‍ പങ്കുണ്ടെന്ന് ബിജെപി എം.എല്‍.എ സമ്മതിക്കുന്ന ഓഡിയോ ക്ലിപ് സംഭാഷണം പുറത്ത്. ബി.ജെ.പിയുടെ വെജല്‍പൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എം.എല്‍.എയുമായ കിഷോര്‍ ചൗഹാന്‍ പാര്‍ട്ടിയിലെ അഴിമതിയെക്കുറിച്ച് പറയുന്ന ടെലിഫോണ്‍ സംഭാഷണമാണ് പുറത്തായിരിക്കുന്നത്. 302 സെക്കന്റ് ദൈര്‍ഘ്യമുള്ള ഓഡിയോയില്‍ ഒരാള്‍ എം.എല്‍.എയുമായി റോഡുകളുടെ അവസ്ഥയെക്കുറിച്ച് സംസാരിക്കുകയാണ്. വിളിച്ചയാള്‍ ആരാണെന്നത് വ്യക്തമല്ല. അഹമ്മദാബാദിലെ ജോധ്പൂര്‍ ഗാമിലെ റോഡുകളുടെ ശോചനീയാവസ്ഥയുമായി ബന്ധപ്പെട്ട് സംസാരിക്കുമ്പോഴാണ് ബി.ജെ.പി എം.എല്‍.എ പാര്‍ട്ടിയില്‍ അഴിമതിയുണ്ടെന്ന് സമ്മതിച്ചത്.

റോഡുകളുടെ ശോച്യാവസ്ഥയെക്കുറിച്ച് ഫോണില്‍ ഒരു വ്യക്തി ചോദിച്ചപ്പോള്‍ അദ്ദേഹം കനത്ത മഴയെ കുറ്റപ്പെടുത്തുന്നു. അതില്‍ എന്തെങ്കിലും അഴിമതിയുണ്ടോയെന്ന് ചോദിക്കുമ്പോള്‍ അദ്ദേഹം അതെയെന്ന് മറുപടി നല്‍കുന്നു. ഏതെങ്കിലും അഴിമതിയുമായി ബി.ജെ.പിക്ക് ബന്ധമുണ്ടോയെന്ന് ചോദിക്കുമ്പോള്‍ ‘ബറാബര്‍’ എന്നാണ് അദ്ദേഹം മറുപടി പറയുന്നത്. ഇത്തരം ആളുകള്‍ നരേന്ദ്രമോദിയ്ക്ക് ചീത്തപ്പേരുണ്ടാക്കുകയാണെന്നും ഇവരുടെ പേര് പുറത്തുവിടണമെന്നും വിളിച്ചയാള്‍ പറയുമ്പോള്‍ ‘നിങ്ങള്‍ പറയുന്നത് ശരിയാണ്… ഞങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്.’ എന്നാണ് എം.എല്‍.എ മറുപടി നല്‍കുന്നത്.

റോഡുകള്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി കേടായി തന്നെയാണുള്ളതെന്നും എം.എല്‍.എയായ താങ്കള്‍ അതുവഴി വരികപോലും ചെയ്തില്ലല്ലോയെന്ന് വിളിച്ചയാള്‍ കുറ്റപ്പെടുത്തുമ്പോള്‍ ‘ഈ അഞ്ചുവര്‍ഷം നിങ്ങള്‍ എന്തുകൊണ്ട് എന്നെ വിളിച്ചില്ല’ എന്ന മറുചോദ്യമാണ് ചൗഹാന്‍ ചോദിക്കുന്നത്. പൊതുജനങ്ങള്‍ കഷ്ടപ്പെട്ടുണ്ടാക്കുന്ന പണം നശിപ്പിക്കുകയാണെന്ന് പറയുമ്പോള്‍ ചൗഹാന്‍ വിളിച്ചയാളോട് കോടതിയില്‍ പോയി പറയാന്‍ പറയുന്നു. ഞങ്ങള്‍ ബി.ജെ.പിക്ക് വോട്ടു ചെയ്തത് മോദി കാരണമാണ്. നിങ്ങള്‍ക്കൊന്നും ഒരു വിലയുമില്ല.’ എന്നു പറഞ്ഞാണ് വിളിച്ചയാള്‍ ഫോണ്‍ കട്ടു ചെയ്യുന്നത്. ഓഡിയോ സംഭാഷണത്തെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നാണ് ചൗഹാന്‍ പറയുന്നത്. തന്നെ മോശക്കാരനാക്കാന്‍ കോണ്‍ഗ്രസ് ചെയ്തതാണിതെന്നും അദ്ദേഹം ആരോപിക്കുന്നുണ്ട്.

 

Related posts