ഭരണപരാജയം നേരിട്ടുകൊണ്ടിരിക്കുന്ന ബിജെപിയുടെ നേര്‍ക്ക് കൂനിന്മേല്‍ കുരു എന്ന രീതിയില്‍ പുതിയ ആരോപണം. ബിജെപിയില്‍ ചേര്‍ന്നതിനു തൊട്ടുപിന്നാലെ ബിജെപിയ്ക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ്, ഹാര്‍ദിക് പട്ടേലിന്റെ പടിതാര്‍ അനാമത് ആന്തോളന്‍ സമിതി കണ്‍വീനര്‍ നരേന്ദ്ര പട്ടേല്‍. ബിജെപിയില്‍ ചേരാന്‍ തനിക്ക് ഒരുകോടി രൂപ വാഗ്ദാനം ചെയ്തെന്നാണ് അദ്ദേഹത്തിന്റെ പുതിയ വെളിപ്പെടുത്തല്‍. ബിജെപിയില്‍ ചേര്‍ന്നതിനു പിന്നാലെ ഞായറാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് നരേന്ദ്ര പട്ടേല്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
ബിജെപിയില്‍ ചേരാന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. എന്നാല്‍ ആ പാര്‍ട്ടി എന്താണെന്ന് തുറന്നുകാട്ടാനാണ് താന്‍ അവര്‍ക്കൊപ്പം കൂടിയതെന്നു പറഞ്ഞുകൊണ്ടായിരുന്നു നരേന്ദ്ര പട്ടേലിന്റെ ഈ വെളിപ്പെടുത്തല്‍. കഴിഞ്ഞദിവസം ബിജെപിയില്‍ ചേര്‍ന്ന ഹാര്‍ദിക് പട്ടേലിന്റെ മുന്‍ സഹായി വരുണ്‍ പട്ടേലിന്റെ സാന്നിധ്യത്തില്‍ ഞായറാഴ്ച വൈകുന്നേരമാണ് നരേന്ദ്ര പട്ടേല്‍ ബിജെപിയില്‍ ചേര്‍ന്നത്. കോണ്‍ഗ്രസ് സംവരണ സമരത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ചാണ് വരുണ്‍ പട്ടേല്‍ ബിജെപിയിലേക്കു ചേര്‍ന്നത്. വരുണ്‍ പട്ടേല്‍ വഴി തനിക്ക് ഒരുകോടി രൂപയാണ് ബി.ജെ.പി വാഗ്ദാനം ചെയ്തതെന്ന് നരേന്ദ്ര പട്ടേല്‍ ആരോപിച്ചു.
‘എനിക്കുവേണ്ടി വരുണ്‍ പട്ടേല്‍ ബിജെപിയുമായി ഒരുകോടിയുടെ ഡീലാണ് ഉണ്ടാക്കിയത്. അഡ്വാന്‍സായി പത്തുലക്ഷം എനിക്കു തന്നു. നാളെ അവര്‍ 90ലക്ഷം തരുമെന്ന് ഉറപ്പുനല്‍കിയിരുന്നു. അവര്‍ റിസര്‍വ് ബാങ്ക് മുഴുവന്‍ എനിക്കു നല്‍കിയാലും എന്നെ വിലക്കുവാങ്ങാന്‍ അവര്‍ക്കാവില്ല. അദ്ദേഹം പറഞ്ഞു. വരുണ്‍ പട്ടേലിനെയും ബിജെപിയെയും തുറന്നുകാട്ടാനാണ് പണം സ്വീകരിച്ചതും പൊതുമധ്യത്തില്‍ ഉയര്‍ത്തിക്കാട്ടിയതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ആരോപണങ്ങള്‍ വരുണ്‍ പട്ടേല്‍ നിഷേധിച്ചു. കോണ്‍ഗ്രസ് ആണ് ഇതിനു പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. ബി.ജെ.പി ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.