ഭരണത്തണലില്‍..! മാതാവിന് ചികിത്സ നല്‍കുന്നില്ലെന്നാരോപിച്ച് ബിജെപി എംപി ആശുപത്രിയില്‍ കയറി ഡോക്ടര്‍മാരെ മര്‍ദിച്ചു

l-bjpബംഗളുരു: ബിജെപി എംപി ആശുപത്രിയില്‍ കയറി ഡോക്ടര്‍മാരെ മര്‍ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ഉത്തര കന്നഡയില്‍നിന്നുള്ള ബിജെപി എംപി അനന്ദ്കുമാര്‍ ഹെഡ്‌ഗെയാണ് ആശുപത്രിയില്‍ കയറി മൂന്നു ഡോക്ടര്‍മാരെ അക്രമിച്ചത്. ആശുപത്രിയില്‍നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്.

അനന്ദ്കുമാറിന്റെ അമ്മയെ കഴിഞ്ഞദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവര്‍ക്ക് ശരിയായ ചികിത്സ നല്‍കുന്നില്ലെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ഡോ. മധുകേശവാരജീവി, ഡോ. ബാലചന്ദ്ര, ഡോ. രാഹുല്‍ മര്‍ശകര്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. എന്നാല്‍ എംപിക്കെതിരെ കേസെടുത്തിട്ടില്ലെന്ന് കര്‍ണാടക പോലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം, കര്‍ണാടക തീരനഗരമായ ദക്ഷിണ കന്നഡ കത്തിക്കുമെന്നു ഭീഷണി മുഴക്കി, മറ്റൊരു ബിജെപി എംപി നളിന്‍ കുമാര്‍ ഖാട്ടീലും വിവാദത്തില്‍ അകപ്പെട്ടിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകന്റെ മരണവുമായി ബന്ധപ്പെട്ട് ബിജെപി ഉന്നയിച്ച ആവശ്യങ്ങള്‍ പോലീസ് പരിഗണിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു എംപിയുടെ ഭീഷണി. സംഭവം വിവാദമായതോടെ എംപി മാപ്പുപറഞ്ഞു.

Related posts