കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കുരയ്ക്കുന്ന പട്ടിയെന്ന് അധിക്ഷേപിച്ച് ബി.ജെ.പി എം.പി. യു.പിയിലെ ഗോണ്ട അസംബ്ലിയില്‍ നിന്നുള്ള എം.പിയായ ബ്രിജി ഭൂഷണ്‍ ശരനാണ് രാഹുല്‍ഗാന്ധിയെ അധിക്ഷേപിച്ചത്. പട്ടികള്‍ കുരച്ചുകൊണ്ടിരിക്കും. പക്ഷേ ആനകള്‍ അവരുടെ നടത്തം തുടര്‍ന്നുകൊണ്ടുമിരിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ സേവിച്ചുകൊണ്ടേയിരിക്കുമെന്നും കുരക്കേണ്ടവര്‍ക്ക് കുരച്ചുകൊണ്ടിരിക്കാമെന്നും ഭൂഷണ്‍ ശരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
പഞ്ചാബ് നാഷണല്‍ ബാങ്കിലെ കോടികളുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിക്കെതിരെ ആരോപണമുന്നയിച്ചതിനു പിന്നാലെയായിരുന്നു എം.പിയുടെ അധിക്ഷേപം. യു.പി.എ ഭരണകാലമാണ് എല്ലാ അഴിമതികളുടെയും തുടക്കം. അഴിമതികളെല്ലാം ഇപ്പോഴാണ് പുറത്തുവന്നതെന്നതുകൊണ്ട് തങ്ങള്‍ അതില്‍ അന്വേഷണം നടത്തുകയാണ് ചെയ്യുന്നതെന്നും ഗാന്ധി തലമുറയിലെ ഇളമുറക്കാരന് ഇതില്‍ വിശദീകരണം ചോദിക്കാനുള്ള യാതൊരു അവകാശമില്ലെന്നും ശരന്‍ പറഞ്ഞു.
ഉന്നതങ്ങളില്‍ നിന്നുള്ള സംരക്ഷണമില്ലാതെ പഞ്ചാബ് ബാങ്കിലെ 22000 കോടി രൂപയുടെ തട്ടിപ്പ് സാധ്യമാവില്ലെന്നും ഇതെങ്ങനെ നടന്നുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്നും രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതാണ് ഭൂഷണ്‍ ചരനിനെ പ്രകോപിപ്പിച്ചിരിക്കുന്നത്. നീരവ് മോദി നടത്തിയ 11,334 കോടി രൂപ തട്ടിപ്പു കേസിലും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിക്കെതിരെ ആരോപണമുന്നയിച്ചിരുന്നു. രാജ്യം കൊള്ളയടിക്കാന്‍ പ്രധാനമന്ത്രിയെ കെട്ടിപ്പിടിച്ചിട്ട് നാടുവിട്ടാല്‍ മതിയെന്നായിരുന്നു രാഹുലിന്റെ പരിഹാസ ട്വീറ്റ്.