അമിതാഹ്ലാദത്തിനുള്ള വകയൊന്നും ഗുജറാത്ത് ഹിമാചല്‍ തെരഞ്ഞെടുപ്പുകളില്‍ നിന്ന് ലഭിച്ചില്ലെങ്കിലും അവ ആഘോഷിക്കാന്‍ തന്നെയാണ് ബിജെപി നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള തങ്ങളുടെ ആഘോഷം ബിജെപി ഡല്‍ഹി ഘടകം ആഘോഷിച്ച രീതിയാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. ആഘോഷത്തിനിടയില്‍ അവര്‍ മുറിച്ച കേക്കാണ് ഏറ്റവും ശ്രദ്ധേയമായത്. കൂണ് കേക്ക് മുറിച്ചാണ് അവര്‍ തങ്ങളുടെ സന്തോഷം പരസ്പരം പങ്കുവച്ചത്. സാധാരണ കേക്ക് മുറിക്കുകയോ മധുര പലഹാരം വിതരണം ചെയ്യുകയോ ചെയ്യുന്ന പതിവുരീതികളില്‍ നിന്ന് ബോധപൂര്‍വ്വമാണ് ഈ വഴിമാറി നടത്തമെന്നാണ് പറയപ്പെടുന്നത്.
കൂണ്കേക്ക് ചിലര്‍ക്കുളള മറുപടിയാണെന്ന് ബിജെപി വക്താവ് തജീന്ദര്സിംഗ് ബാഗ പറയുന്നത്. ബാഗയുടേതായിരുന്നു വ്യത്യസ്തമായ ഈ ആശയം. മോദി നിറം വെച്ചത് നാല് ലക്ഷത്തിന്റെ കൂണ് കഴിച്ചാണെന്ന അല്‍പേഷ് താക്കൂറിന്റെ പ്രസ്താവനയ്ക്കുളള മറുപടിയായിട്ടായിരുന്നു ബിജെപിയുടെ കൂണ്കേക്ക്. മോദി തന്നെ പോലെ കറുത്തിട്ടായിരുന്നെന്നും വിലകൂടിയ കൂണുകള്‍ കഴിച്ചാണ് നിറം വെച്ചതെന്ന് തന്റെ ഒരു സുഹൃത്ത് പറഞ്ഞതായും അല്‍പേഷ് പറഞ്ഞിരുന്നു. തായ്വാനില് നിന്ന് ഇറക്കുമതി ചെയ്ത അഞ്ച് കൂണാണ് ദിവസവും മോദി ഭക്ഷിക്കുക. ഒരു കൂണിന് 80000 രൂപയാണ് വിലയെന്നും കൂണിനു മാത്രമായി നാലു ലക്ഷം രൂപയാണ് മോദി ചെലവഴിക്കുന്നതെന്നും അല്‍പേഷ് ആരോപിച്ചിരുന്നു.
സാധാരണ ജനങ്ങള്‍ക്ക് ഒരിക്കലും താങ്ങാന്കഴിയാത്തതാണ് മോദി ചെലവഴിക്കുന്ന തുകയെന്നു പറഞ്ഞ അല്‍പേഷ് ആ പാര്‍ട്ടിയിലെ അഴിമതിയുടെ തോത് എത്രയാണെന്ന് ആലോചിക്കേണ്ടിയിരിക്കുന്നെന്നും പറഞ്ഞിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രിയായ കാലം മുതല്മോദിയുടെ ഭക്ഷണം ഈ കൂണുകളാണ്. അതുകൊണ്ടായിരിക്കും മോദി ഇത്ര വെളുത്തിരിക്കുന്നതെന്നായിരുന്നു അല്‍പേഷിന്റെ പരിഹാസം. അല്‍പേഷിന്റെ പരിഹാസത്തെ നേരിടാന്‍ കൂണ്കേക്കുമായി വന്ന ബിജെപി ഡല്‍ഹി ഘടകത്തിന്റെ ആശയം സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു.