ചെന്നൈ: തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്ലയിംഗ് സ്ക്വാഡിനെ തമിഴ്നാട്ടിലെ ബിജെപി സ്ഥാനാർഥി നടുറോഡിൽ ഭീഷണിപ്പെടുത്തി. തിരുപ്പൂരിൽ വാഹനപരിശോധനയ്ക്കിടെയാണു സംഭവം.
തിരുപ്പൂരിലെ എന്‍ഡിഎ സ്ഥാനാർഥിയും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ എ.പി. മുരുഗാനന്ദം ആണ് ഉദ്യോഗസ്ഥരോട് കയർത്തത്. വാഹനപരിശോധന എന്ന പേരിൽ പലതവണ തന്റെ കാർ തടഞ്ഞുനിർത്തിയെന്നു പരാതിപ്പെട്ട മുരുഗാനന്ദം, ജീവിതകാലം മുഴുവൻ കോടതികൾ കയറിയിറങ്ങേണ്ടിവരുമെന്ന് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി.
തങ്ങളുടെ ജോലിയാണ് ചെയ്യുന്നതെന്നും നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ടെന്നും ഉദ്യോഗസ്ഥർ മറുപടി നൽകി. സംഭവത്തിൽ സ്ഥാനാർഥിക്കെതിരേ പോലീസ് കേസെടുത്തു. ബിജെപിയുടെ ധാർഷ്ട്യം അതിരുവിടുന്നതായി ഡിഎംകെ പ്രതികരിച്ചു. സിപിഐയുടെ സിറ്റിംഗ് എംപിയായ കെ.സു ബ്ബരായൻ ആണ് തിരുപ്പൂരിൽ മുരുഗാനന്ദത്തിന്റെ പ്രധാന എതിരാളി.