ലക്നോ: ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കിൽ മുസ്ലീങ്ങൾ അതിന്റെ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുമെന്ന ഭീഷണിയുമായി ബിജെപി നേതാവ്. ഉത്തർ പ്രദേശിലെ ബരാബൻകിയിലുള്ള ബിജെപിയുടെ പ്രാദേശിക നേതാവ് രഞ്ജിത് കുമാർ ശ്രീവാസ്തവയാണ് ഭീഷണിയുമായി രംഗത്തെത്തിയത്. ഇവിടെ നടക്കുന്ന പ്രാദേശിക തെരഞ്ഞെടുപ്പിൽമത്സരിക്കുന്ന തന്റെ ഭാര്യയ്ക്ക് വേണ്ടി വോട്ട് അഭ്യർഥിച്ചുകൊണ്ടുള്ള പ്രസംഗത്തിനിടെയാണ് അദ്ദേഹം ഭീഷണി ഉയർത്തിയത്.
യുപി മന്ത്രിസഭയിലെ അംഗങ്ങളായ ദരസിംഗ് ചൗഹാൻ രാംപതി ശാസ്ത്രി എന്നിവർ വേദിയിലിരിക്കെയായിയിരുന്നു ശ്രീവാസ്തവ ഭീഷണി മുഴക്കിയത്. നവംബർ 13 നടത്തിയ പ്രസംഗത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. വോട്ട് അപേക്ഷിക്കാൻ തന്നെ കിട്ടില്ലെന്നും വോട്ട് ചെയ്തില്ലെങ്കിൽ അവർ അനുഭവിക്കുമെന്നുമായിരുന്നു ശ്രീവാസ്തവ പറഞ്ഞത്.
എന്നാൽ, താൻ ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ചിലകാര്യങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തി വോട്ട് അധ്യർഥിക്കുക മാത്രമാണ് ചെയ്തതെന്നും ശ്രീവാസ്തവ പറഞ്ഞു.