തിരുവനന്തപുരം: ബിജെപിയുടെ പുതിയ സംസ്ഥാനക്കമ്മിറ്റി ഓഫീസായ മാരാർജി ഭവന്റെ പാലുകാച്ചൽ ചടങ്ങ് നടന്നു. ഇന്ന് രാവിലെ പത്തരയോടെ വിവിധ പൂജകൾക്ക് ശേഷമാണ് പാലുകാച്ചൽ ചടങ്ങ് നടന്നത്.
ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ്, കേന്ദ്രമന്ത്രി വി. മുരളീധരൻ, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, ബിജെപി നേതാക്കളായ ഒ. രാജഗോപാൽ, സി. ശിവൻകുട്ടി, പി.കെ. കൃഷ്ണദാസ് ഉൾപ്പെടെയുള്ള നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.
തമ്പാനൂർ അരിസ്റ്റോ ജംഗ്ഷന് സമീപമാണ് അഞ്ച് നിലകളിലായി അറുപതിനായിരം ചതുരശ്ര അടി വിസ്തീർണത്തിൽ ബഹുനില കെട്ടിടം പണിതത്.
കെട്ടിടത്തിന്റെ ഔപചാരികമായ ഉദ്ഘാടനം മറ്റൊരു ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിർവഹിക്കും. കേരളീയ വാസ്തു മാതൃകയിലാണ് കെട്ടിടത്തിന്റെ നിർമ്മാണം നടത്തിയിരിക്കുന്നത്. അമിത് ഷാ ബിജെപി ദേശീയ അധ്യക്ഷനായിരിക്കവെയാണ് ഓഫീസ് കെട്ടിടത്തിന്റെ നിർമാണത്തിന് ശിലാസ്ഥാപനം നടത്തിയത്.