നിയാസ് മുസ്തഫ
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് വിജയിക്കാൻ കഴിയാതെ പോയ 140 മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനൊരുങ്ങി ബിജെപി.
പരാജയപ്പെട്ട 140 മണ്ഡലങ്ങളിൽ കൂടി ബിജെപിക്ക് വിജയിക്കാനുള്ള സാഹചര്യം ഉണ്ടെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.
140 മണ്ഡലങ്ങളിലെത്തി പാർട്ടി പ്രവർത്തകരെയും ക്ഷേമപദ്ധതിയുടെ ഗുണഭോക്താക്കളെയും നേരിൽകണ്ട് അവരു മായി ആശയവിനിമയം നടത്താൻ കേന്ദ്രമന്ത്രിമാർക്ക് പാർട്ടി നിർദേശം നൽകി.
നരേന്ദ്രമോദി സർക്കാർ എട്ടുവർഷം പൂർത്തിയാക്കുന്ന ഘട്ടത്തിൽ കേന്ദ്രമന്ത്രിമാർ തങ്ങളുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളും ആരംഭിക്കും.
2024ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനസന്പർക്ക പരിപാടികൾ ശക്തമാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബിജെപി അധ്യക്ഷൻ ജെ പി നദ്ദയും പാർട്ടി ആസ്ഥാനത്ത് കേന്ദ്രമന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ അഭ്യർഥിച്ചു.
ആശയ വിനിമയം
മേയ് 25 മുതൽ ജൂലൈ 31 വരെ ബൂത്ത് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മണ്ഡലങ്ങൾ സന്ദർശിക്കാൻ പാർട്ടി എംപിമാരോടും നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.
ഓരോ പാർട്ടി എംഎൽഎമാർക്കും ബൂത്തുകളിലെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കേണ്ടിവരും.
ജനപക്ഷ നയങ്ങളും ജനക്ഷേമ പദ്ധതികളും ഉൾപ്പെടെ മോദി സർക്കാരിന്റെ എല്ലാ നേട്ടങ്ങളും വോട്ടർമാരിലെത്തിക്കാൻ ഫലപ്രദമായി ആശയവിനിമയം നടത്താനാണ് ബിജെപി ശ്രമിക്കുന്നത്.
വരുന്ന തെരഞ്ഞെടുപ്പുകളിലും പാർട്ടി ലക്ഷ്യമിടുന്നത് സ്ത്രീകളെയും സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളെയും ആയിരിക്കും.
മാസ്റ്റർ പ്ലാൻ
അസംസ്കൃത എണ്ണയുടെ വിലക്കയറ്റം, റഷ്യ-യുക്രെയ്ൻ സംഘർഷം തുടങ്ങിയ ആഗോള സാഹചര്യങ്ങളുടെ അനന്തരഫലമായ പണപ്പെരുപ്പ സമ്മർദം ലഘൂകരിക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങൾ വിശദീകരിക്കാൻ കേന്ദ്ര മന്ത്രിമാരോട് ഒന്നിലധികം പത്രസമ്മേളനങ്ങളും പ്രചാരണ പരിപാടികളും നടത്താനും ആവശ്യപ്പെട്ടു.
പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവയിൽ കേന്ദ്ര സർക്കാർ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാന ആശങ്കയായ വിലക്കയറ്റത്തെ പരിഹരിച്ചിട്ടുണ്ട്.
ഇത്തരം കാര്യങ്ങളെല്ലാം ജനങ്ങളോട് വിശദീകരിച്ച് തോറ്റ മണ്ഡലങ്ങളിലും വിജയം കൊയ്യാനുള്ള മാസ്റ്റർ പ്ലാനാണ് ബിജെപി മുന്നോട്ട് വയ്ക്കുന്നത്.