കെ.ഷിന്റുലാല്‍
കോഴിക്കോട് : കേന്ദ്രമന്ത്രി വി.മുരളീധരനെതിരേ ബിജെപിയില്‍ പടയൊരുക്കം. ഗ്രൂപ്പ് തിരിഞ്ഞ് യോഗങ്ങള്‍ ചേര്‍ന്നുകൊണ്ടാണ് മുരളീധരനെതിരേയും സംസ്ഥാന പ്രസിഡന്റിനെതിരേയും ഗൂഢാലോചന നടക്കുന്നത്.
ഗ്രൂപ്പ് തിരിഞ്ഞുള്ള പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ദേശീയ നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും സംസ്ഥാനത്തെ ബിജെപിക്കുള്ളിലെ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ പതിന്മടങ്ങ് ശക്തി പ്രാപിക്കുകയാണ്.
നിലവിലെ സാഹചര്യത്തില്‍ വിഭാഗീയത പാര്‍ട്ടിയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് വ്യക്തമാക്കി ദേശീയ നേതൃത്വത്തിന് സംസ്ഥാന നേതൃതം റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
മുരളീധരനെതിരേ ഒന്നിച്ചു
കേന്ദ്രമന്ത്രിസഭാ പുനഃസംഘടന ലക്ഷ്യമാക്കിയാണ് വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് ചൂടുപിടിച്ചത്. മുരളീധരനെ മന്ത്രി സ്ഥാനത്തുനിന്ന് മാറ്റി നിര്‍ത്തുകയെന്നതാണ് ലക്ഷ്യം.
പകരം സംസ്ഥാനത്തെ മുതിര്‍ന്ന നേതാവിനെയാണ് ഇവര്‍ പരിഗണിക്കുന്നത്. വ്യത്യസ്ത ചേരികളിലാണെങ്കിലും മുരളീധരനെതിരേയുള്ള വിഷയത്തില്‍ ഓരേ നിലപാടുമായാണ് ഇവര്‍ മുന്നോട്ടുപോവുന്നത്.
കുഴല്‍പ്പണ വിവാദവുമായി ബന്ധപ്പെട്ട് പോലീസിനു വരെ വിവരങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍നിന്നു നല്‍കിയതായും ചില സൂചനകള്‍ സംസ്ഥാന നേതൃത്വത്തിനു ലഭിച്ചിട്ടുണ്ട്.
ഇക്കാര്യങ്ങള്‍ സഹിതമാണ് ദേശീയ നേതൃത്വത്തിനു റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. കേന്ദ്രനേതൃത്വം നിയോഗിച്ച സമിതിയുടെ പേരില്‍ പുറത്തുവരുന്ന വാര്‍ത്തകളും ഇതിന്റെ ഭാഗമായാണെന്നാണ് സംസ്ഥാന നേതൃത്വം പറയുന്നത്.
അഴിച്ചുപണി
ബിജെപി നേതൃത്വത്തെ മാറ്റി പാര്‍ട്ടിയില്‍ അഴിച്ചു പണിയണമെന്ന് കേന്ദ്രനേതൃത്വം നിയോഗിച്ച സമിതി റിപ്പോര്‍ട്ട് നല്‍കിയെന്നാണ് പറയുന്നത്.
എന്നാല്‍ രഹസ്യാന്വേഷണ വിഭാഗമുള്‍പ്പെടെയുള്ള സംവിധാനം കേന്ദ്രസര്‍ക്കാരിന് കീഴിലുള്ളപ്പോള്‍ തെരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ചു മൂന്നംഗസമിതിയെ നിയോഗിച്ചുവെന്നത് അടിസ്ഥാന രഹിതമാണെന്നും സംസ്ഥാന നേതൃത്വം വ്യക്തമാക്കി.
സമിതി രൂപീകരിച്ചുവെന്നതിനു തൊട്ടുപിന്നാലെ ഇ. ശ്രീധരന് ഇക്കാര്യം നിഷേധിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയും തുടര്‍ന്നുണ്ടായ കുഴല്‍പ്പണ വിവാദവുമെല്ലാം പാര്‍ട്ടിക്കു ക്ഷീണം വരുത്തിയെന്നും ഇതിനു പ്രധാന കാരണം സംസ്ഥാന നേതൃത്വവും വി.മുരളീധരനുമാണെന്നും വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
എന്നാല്‍, സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രഭാരി സി.പി.രാധാകൃഷ്ണന് ഉള്‍പ്പെടെ കെ.സുരേന്ദ്രനേയും വി.മുരളീധരനേയും സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്.
കുഴല്‍പ്പണ വിവാദമുയര്‍ന്നപ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ പോലും നേതാക്കള്‍ രംഗത്തെത്തിയിരുന്നില്ല. കേന്ദ്രനേതൃത്വത്തിന്റെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണ് വാര്‍ത്താസമ്മേളനം വിളിച്ചു വിശദീകരണം നല്കാന് ചില നേതാക്കള്‍ വരെ രംഗത്തെത്തിയത്.