ന്യൂഡൽഹി: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനൽ എന്നു വിശേഷിപ്പിക്കാവുന്ന അഞ്ചു സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പിൽ ബിജെപി മിന്നും പ്രകടനം കാഴ്ചവയ്ക്കുന്നതാണ് കാണുന്നത്.
കർഷകരോഷം തിരിച്ചടിക്കുമെന്നു പലരും പ്രവചിച്ചിരുന്ന യുപിയിൽ പ്രതീക്ഷകളെ മറികടക്കുന്ന പ്രകടനമാണ് ബിജെപി കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്.
403 സീറ്റുകളുള്ള യുപിയിൽ മുന്നൂറു സീറ്റിന് അടുത്ത് ഇപ്പോൾ ബിജെപി ഇപ്പോൾ ലീഡ് ചെയ്തുകൊണ്ടിരിക്കുകയാണ്.
എക്സിറ്റ് പോളുകളിൽ പറഞ്ഞതിനേക്കാൾ മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.
യുപിയിൽ മാത്രമല്ല, കോൺഗ്രസ് ഏറെ പ്രതീക്ഷ വച്ചുപുലർത്തിയിരുന്ന ഗോവയിലും ഉത്തരാഖണ്ഡിലും ബിജെപി തന്നെ മുന്നിൽനിൽക്കുകയാണ്.
വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തിൽ കോൺഗ്രസ് ഒപ്പത്തിനൊപ്പം നിന്നെങ്കിലും പതിയെപ്പതിയെ ബിജെപി ആധിപത്യം നേടുന്ന കാഴ്ചയാണ് കണ്ടത്.
മണിപ്പൂരിലും ബിജെപിയുടെ നേതൃത്വത്തിലുള്ള ഒരു സർക്കാരിനു തന്നെയാണ് സാധ്യതയെന്നാണ് ആദ്യ ഘട്ടത്തിലെ ഫലസൂചന.
25 സീറ്റിൽ ബിജെപി മുന്നിൽ നിൽക്കുകയാണ്. 12 സീറ്റുകളിൽ മാത്രമാണ് കോൺഗ്രസിനു ലീഡ് ഉള്ളത്.
അതേസമയം, മറ്റുള്ള കക്ഷികൾ 13 സീറ്റിൽ ലീഡ് ചെയ്യുന്നുണ്ട്. കേവല ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും മറ്റു കക്ഷികളുടെ സഹായത്തോടെ ബിജെപിക്കു ഭരണം കൈയാളാൻ കഴിയുമെന്നതാണ് നിലവിലെ സ്ഥിതി.
പഞ്ചാബിൽ മാത്രമാണ് ബിജെപിക്കു ഒട്ടും മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാൻ കഴിയാതിരുന്നത്.
ബിജെപി കാര്യമായി ഇവിടെ പ്രതീക്ഷ വച്ചുപുലർത്തിയിരുന്നുമില്ല. കർഷക സമരത്തിന്റെ കേന്ദ്രമായ പഞ്ചാബിൽ ബിജെപിയോടുള്ള കർഷകര രോഷം ഒട്ടും അടങ്ങിയിട്ടില്ലെന്നു സൂചിപ്പിക്കുന്നതാണ് ഇലക്ഷൻ ഫലം.
കോൺഗ്രസ് വിട്ടു അമരീന്ദർ സിംഗ് രൂപികരിച്ച പാർട്ടിയുമായി ചേർന്നു മത്സരിച്ചെങ്കിലും കാര്യമായ മെച്ചമുണ്ടാക്കാൻ ബിജെപിക്കു കഴിഞ്ഞില്ല.
എന്നാൽ, കർഷകരുടെ രോഷം പഞ്ചാബിൽ ആം ആദ്മി പാർട്ടിക്കു ഗുണമായി മാറുന്നതിനാണ് പഞ്ചാബിലെ തെരഞ്ഞെടുപ്പ് രംഗം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്.
പിസിസി അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ധു, മുഖ്യമന്ത്രി ചരൺജിത് സിംഗ് ഛന്നി എന്നിവർ വോട്ടെണ്ണലിൽ പിന്നിൽ നിൽക്കുകയാണ്.