റെനീഷ് മാത്യു
കണ്ണൂർ: കോൺഗ്രസ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കുന്നതും കാത്ത് ബിജെപി. സ്ഥാനാർഥി പട്ടികയിൽ ഇടംപിടിക്കാത്ത കോൺഗ്രസിലെ അസംതൃപ്തരെ കാത്താണ് ബിജെപി സ്ഥാനാർഥി പട്ടികയും വൈകുന്നത്.
സ്ഥാനാർഥി പട്ടികയിൽ ഇടംനേടിയിട്ടുള്ള കോൺഗ്രസിലെ ചിലരുമായി ബിജെപി സംസ്ഥാന നേതൃത്വം ചർച്ച നടത്തി കഴിഞ്ഞതായാണ് സൂചന.
ഇന്ന് കോൺഗ്രസ് സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിച്ചാൽ രണ്ടുദിവസം കഴിഞ്ഞായിരിക്കും ബിജെപി സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിക്കുക.
വിജയസാധ്യതയുള്ള എ ക്ലാസ് സീറ്റുകളിൽ മാത്രമാണ് ബിജെപി നിലവിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്.
ഈ സ്ഥാനാർഥികളുടെ ലിസ്റ്റിനെക്കുറിച്ചും അവർ മത്സരിക്കുന്ന മണ്ഡലങ്ങളെക്കുറിച്ചും സംസ്ഥാന നേതാക്കൾ ഇന്നു ഡൽഹിയിൽ കേന്ദ്രനേതാക്കളുമായി ചർച്ച നടത്തുന്നുണ്ട്.
110 മണ്ഡലങ്ങളിലാണ് ബിജെപി മത്സരിക്കുന്നത്. 25 മണ്ഡലങ്ങളിൽ ബിഡിജെഎസും. ബാക്കി അഞ്ച് സീറ്റുകൾ മറ്റു ഘടകകക്ഷികൾക്കു നൽകും.
സുരേഷ് ഗോപി, കെ. സുരേന്ദ്രൻ, പിഎസ്സി മുൻ ചെയർമാൻ കെ.എസ്. രാധാകൃഷ്ണൻ, മുൻ ഡിജിപി ജേക്കബ് തോമസ്, ഇ. ശ്രീധരൻ, പി.കെ. കൃഷ്ണദാസ്, കുമ്മനം രാജശേഖരൻ, എ.എൻ. രാധാകൃഷ്ണൻ, എം.ടി. രമേശ്, സി.കെ. പത്മനാഭൻ തുടങ്ങിയ പ്രമുഖരുടെ പട്ടികയുമായാണ് ബിജെപി സംസ്ഥാന നേതൃത്വം ഡൽഹിയിലേക്ക് പോയിട്ടുള്ളത്.
ഇന്നു വൈകുന്നേരത്തോടെ കോൺഗ്രസ് സ്ഥാനാർഥി പട്ടിക പുറത്തിറങ്ങുമെന്നാണ് സൂചന. ഇരുപതോളം സീറ്റുകളിൽ രണ്ടും മൂന്നും സ്ഥാനാർഥികൾ വച്ചാണ് പട്ടികയിലുള്ളത്.
സ്ഥാനാർഥി പ്രഖ്യാപനത്തിൽ സീറ്റ് പ്രതീക്ഷിച്ചവരുടെ പേരുകൾ വന്നില്ലെങ്കിൽ കോൺഗ്രസിൽനിന്നു കൂടുതൽ രാജിയുണ്ടാകുമെന്നാണ് ബിജെപി പ്രതീക്ഷ.
രാജി വയ്ക്കുന്നവരെ കാത്തിരിക്കുകയാണ് ബിജെപി സ്ഥാനാർഥി പട്ടികയും.