സ്വന്തം ലേഖകന്‍
കോഴിക്കോട്: വോട്ടു ചോർച്ചയിൽ പകച്ചു ബിജെപി നേതൃത്വം. സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത വോട്ടു ചോർച്ചയാണ് ഇത്തവണ ബിജെപി നേരിട്ടത്.
മുപ്പതിനായിരത്തില്‍പരം വോട്ടുകളുള്ള 34 മണ്ഡലങ്ങളെ എ ക്ലാസ് മണ്ഡലങ്ങളായി പരിഗണിച്ചായിരുന്നു ബിജെപി തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്കരിച്ചിരുന്നത്.
തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇവയുടെ എണ്ണം 23ലേക്ക് ചുരുങ്ങി. മഞ്ചേശ്വരത്തു മാത്രമാണ് പാർട്ടിക്ക് അറുപതിനായിരത്തില്പരം വോട്ടുകള്‍ നേടാനായത്.
ഇത്തരം ആറു മണ്ഡലങ്ങൾ ഉണ്ടെന്നായിരുന്നു ബിജെപി അവകാശപ്പെട്ടിരുന്നത്. അതേസമയം, പതിനായിരത്തില്‍ താഴെ വോട്ടുകളുള്ള മണ്ഡലങ്ങളുടെ എണ്ണം കൂടുകയും ചെയ്തു.
അഞ്ചു ലക്ഷം മെംബർമാർ
കഴിഞ്ഞ വര്‍ഷം നടന്ന പാർട്ടിയുടെ മെഗാ മെമ്പര്‍ഷിപ്പ് കാന്പയിന് വഴിമാത്രം അഞ്ചു ലക്ഷത്തോളം പേര് പുതുതായി അംഗത്വമെടുത്തെന്നായിരുന്നു നേതൃത്വം അവകാശപ്പെട്ടിരുന്നത്.
എന്നാല്‍, പുതിയ വോട്ടുകള്‍ കാണാനില്ലെന്നു മാത്രമല്ല പലയിടത്തും വോട്ടുകള്‍ കുറയുകയും ചെയ്തു.
ഇതിനെല്ലാം കാരണംതേടി ഉഴലുകയാണ് ബിജെപി നേതൃത്വം. യുഡിഎഫിനായി ബിജെപി വോട്ട് മറിച്ചുവെന്ന ഇടതുമുന്നണിയുടെ ആരോപണത്തെ യുക്തിഭദ്രമായി പ്രതിരോധിക്കാനും ബിജെപിക്കാവുന്നില്ല.
ഇതോടെ നേതൃത്വത്തിനെതിരെ കന്നത്ത പ്രതിഷേധമാണ് അണികളിൽനിന്നുയരുന്നത്. പ്രവര്‍ത്തകരെ വഞ്ചിക്കുന്ന നിലപാടാണ് സംസ്ഥാന നേതൃത്വം കൈകൊണ്ടതെന്നാണ് പാര്‍ട്ടി അണികള്‍ പറയുന്നത്.
കേരളത്തിലെ വോട്ടർമാർക്കു പരിചിതമല്ലാത്ത രീതിയിൽ പ്രസിഡന്റ് ഒരേസമയം രണ്ടു മണ്ഡലങ്ങളിൽ മത്സരിച്ചതും ഹെലിക്കോപ്റ്ററിൽ പ്രചരണം നടത്തിയതും ഗുണത്തേക്കാളേറെ ദോഷകരമായാണ് ഭവിച്ചതെന്ന വിലയിരുത്തലാണ് പാർട്ടിക്കുള്ളത്.
ഒരു മണ്ഡലത്തിൽ മാത്രം മത്സരിച്ചിരുന്നെങ്കിൽ വിജയിക്കുമായിരുന്നുവെന്നു സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഇന്നലെ വാർത്താസമ്മേളനത്തിൽ സമ്മതിക്കുകയും ചെയ്തു.
ജനകീയ മുഖം വേണം
പാർട്ടിയെ പ്രതിനിധീകരിച്ചു ചാനലുകളിൽ ചർച്ചയ്ക്കെത്തുന്നവരുടെ നിലവാരമില്ലായ്മ, കേന്ദ്രമന്ത്രി വി.മുരളീധരൻ കേരളരാഷ്ട്രീയത്തിൽ ഇടപ്പെട്ട രീതി, ശോഭ സുരേന്ദ്രനെപോലുള്ള നേതാക്കളെ പാർട്ടി അകത്തി നിർത്തിയതു തുടങ്ങി നിരവധി കാരണങ്ങളാണ് പാർട്ടി പരിശേധിക്കുന്നത്.
മുൻ സംസ്ഥാന അധ്യക്ഷൻ സി.കെ.പത്മനാഭൻ, മുകുന്ദൻ പോലുള്ള നേതാക്കളും ഇത്തരം വിമർശനത്തെ ശരിവയ്ക്കുന്നുണ്ട്.
ശക്തമായ തിരുത്തൽ നടപടികളുണ്ടായിട്ടില്ലെങ്കിൽ പാര്‍ട്ടിയില്‍നിന്നു വലിയ കൊഴിഞ്ഞുപോക്ക് ഉണ്ടാകുമെന്ന സൂചനയാണ് നേതൃത്വത്തിനു ലഭിക്കുന്നത്.
നേതൃത്വം ശ്രീധരൻപിള്ളയെ പോലുള്ളവരെ ഏൽപ്പിച്ചു പാർട്ടിക്കു ജനകീയമുഖം കൈവരുത്തണമെന്ന ആവശ്യവും ഒരു വിഭാഗം ഉയർത്തുന്നുണ്ട്.