വളപട്ടണം(കണ്ണൂർ): പുതിയതെരുവിൽ ബിജെപി ഓഫീസിന് നേരെ ആക്രമണം. ഒരാൾക്ക് പരിക്കേറ്റു.ഇന്നു പുലർച്ചെ ഒന്നോടെയാണ് സംഭവം.ചിറക്കൽ ധനരാജ് തീയേറ്ററിന് സമീപത്തുള്ള പഞ്ചായത്ത് കമ്മിറ്റി ഓഫീസിന് നേരെ പെട്രോൾ ബോംബെറിയുകയായിരുന്നു. ഓഫീസിന് മുന്നിൽ വരാന്തയിൽ കിടന്നുറങ്ങുകയായിരുന്ന മധ്യവയസ്കന് ഗുരുതരമായി പൊള്ളലേറ്റു. വളപട്ടണം മൂപ്പൻപ്പാറയിലെ സുരേശനാണ് (53) പരിക്കേറ്റത്.
ദേശീയ പാതയിലെ വാഹന യാത്രക്കാർ നൽകിയ വിവരമറിഞ്ഞ് വളപട്ടണം പോലീസ് എത്തി തീ കെടുത്തി.ഓഫീസിനകത്തുണ്ടായിരുന്ന ബോർഡുകളും കൊടികളും കത്തിനശിച്ചു. മേൽകൂരയ്ക്ക് ഭാഗികമായി തീപിടിച്ചു.പരിക്കേറ്റ സുരേശനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയും പിന്നീട് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
ബൈക്കിൽ എത്തിയ രണ്ടംഗ സംഘമാണ് വാതിൽ തകർത്ത്അക്രമം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ചിറക്കൽ കടലായി ക്ഷേത്ര പരിസരത്തെ കൊടികളും നശിപ്പിച്ച് പ്രവർത്തകനായ അർജുന്റെ വീടിന്റെ വരാന്തയിൽ കൊണ്ടിട്ട നിലയിലാണ്.
പൊതുവെ സമാധാനം നിലനിൽക്കുന്ന ചിറക്കൽ പ്രദേശത്ത് സംഘർഷമുണ്ടാക്കാനുള്ള ശ്രമമാണ് ബോംബെറിഞ്ഞതിന് പിന്നില്ലെന്ന് ബിജെപി ചിറക്കൽ പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.നേതാക്കളായ കെ.എൻ.വിനോദൻ, സി.സി.രതീഷ്, പള്ളിപ്പുറത്ത് പ്രകാശൻ, കെ.രഘു തുടങ്ങിയവർ ഓഫീസ് സന്ദർശിച്ചു.
സിപിഎമ്മാണ് അക്രമത്തിന് പിന്നില്ലെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു.സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് വൈകുന്നേരം അഞ്ചിന്ബിജെപിയുടെ നേതൃത്വത്തിൽ പുതിയതെരുവിൽ പ്രകടനം നടത്തും.