സ്വന്തംലേഖകന്‍
കോഴിക്കോട് : നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയും തൊട്ടുപിന്നാലെയെത്തിയ കൊടകര കുഴല്‍പ്പണകേസും സൃഷ്ടിച്ച ആഘാതത്തില്‍ നിന്ന് കരകയറുന്നതിനിടെ ബിജെപിയില്‍ ആഭ്യന്തര കലാപം.
കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസ് നിര്‍മാണത്തില്‍ കോടികളുടെ അഴിമതി ആരോപണവുമായി ബന്ധപ്പെട്ടാണ് പാര്‍ട്ടിക്കുള്ളില്‍ ഗ്രൂപ്പ് തിരിഞ്ഞ് പോര് മുറുകിയത്.
പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ അഴിമതി ആരോപണമുയര്‍ന്നത് ഗൗരവത്തോടെയാണ് ആര്‍എസ്എസ് നേതൃത്വം കാണുന്നത്. ഇതോടെ ഓഫീസ് നിര്‍മാണവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്താന്‍ ആര്‍എസ്എസ് തീരുമാനിച്ചു. ഇതിന് പുറമേ ദേശീയ നേതൃത്വവും ഇതേകുറിച്ചുള്ള പ്രാഥമിക വിവരങ്ങള്‍ തേടിയിട്ടുണ്ട്.
2013-ലാണ് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസ് നിര്‍മാണം ആരംഭിച്ചത്. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് മുക്കാല്‍ ഭാഗവും നിര്‍മാണം പൂര്‍ത്തീകരിച്ചതായാണ് ഇവര്‍ അവകാശപ്പെടുന്നത്. ബാക്കിയുള്ള നിര്‍മാണമായിരുന്നു പുതിയ കമ്മിറ്റി നിര്‍വഹിച്ചത്. ജില്ലാകമ്മിറ്റി ഓഫീസ് നിര്‍മാണത്തിലേക്കായി രണ്ടുകോടി രൂപ കേന്ദ്രനേതൃത്വം നല്‍കിയിരുന്നു.
ഇതിന് പുറമേ അവസാന ഘട്ടത്തില്‍ വിവിധ മേഖലകളിലുള്ളവരില്‍ നിന്നായി വന്‍തുക പിരിച്ചെടുക്കുകയും ചെയ്തു.വ്യവസായ പ്രമുഖര്‍, ക്വാറി ഉടമകള്‍, അബ്കാരികള്‍ തുടങ്ങി സമസ്ത മേഖലകളിലുള്ളവരും നിര്‍മാണത്തിന്റെ പേരില്‍ സംഭാവന നല്‍കിയതായാണ് പറയുന്നത്.
എന്നിട്ടും കടമാണെന്നാണ് ജില്ലാകമ്മിറ്റിയും ഇവര്‍ക്ക് പിന്തുണനല്കുന്ന സംസ്ഥാന നേതാക്കളില്‍ ചിലരും പറയുന്നത്. ഇതോടെയാണ് നിര്‍മാണത്തില്‍ വന്‍ തോതില്‍ അഴിമതി നടന്നതായി മറുപക്ഷത്തിന് സംശയമുയര്‍ന്നത്.
മന്ത്രി വി.മുരളീധരനെ പിന്തുണയ്ക്കുന്നവരുള്‍പ്പെടെ ഇപ്പോഴത്തെ ജില്ലാകമ്മിറ്റിക്കെതിരേ രംഗത്തെത്തിയതായാണ് വിവരം. വ്യാജ രസീത് ഉപയോഗിച്ചുവെന്ന ആരോപണം നേരിട്ടവര്‍ വരെ നിര്‍മാണ അഴിമതിയ്ക്ക് പിന്നിലുണ്ട്.
അവസാനഘട്ടത്തിലെ നിര്‍മാണ ചെലവ് സംബന്ധിച്ചുള്ള വ്യക്തമായ കണക്കുകള്‍ പുറത്തുവരുന്നതോടെ പൊട്ടിത്തെറിക്കുള്ള സാധ്യതയും കൂടുതലാണ്.
നേതൃയോഗത്തില്അതൃപ്തി
ജില്ലാകമ്മിറ്റി ഓഫീസിന്റെ നിര്‍മാണച്ചെലവിനെ ചൊല്ലിയുള്ള വിവാദം നിലനില്‍ക്കെ കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാനേതൃയോഗത്തില്നിന്ന് വി. മുരളീധര പക്ഷം വിട്ടുനിന്നു. 110 പേരില്‍ 27 പേര് മാത്രമാണ് യോഗത്തില്‍ പങ്കെടുത്തത്.
പാര്ട്ടിവിരുദ്ധരായ വ്യക്തികളില്‍നിന്ന് വരെ പണം സ്വീകരിച്ചാണ് ചില നേതാക്കള്‍ അഴിമതി നടത്തിയതെന്ന ആരോപണമാണ് ഉയരുന്നത്.ജില്ലാ പ്രഭാരിയായ ഗോപാലകൃഷ്ണനു പുറമേ, സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്, നേതാക്കളായ പി. രഘുനാഥ്, എന്‍.പി. രാധാകൃഷ്ണന്, പ്രഫുല്‍കൃഷ്ണ, കെ.പി. പ്രകാശ്ബാബു, ടി.പി. ജയചന്ദ്രന്, പി. ജിജേന്ദ്രന്‍, ടി.വി. ഉണ്ണിക്കൃഷ്ണന് തുടങ്ങിയ നേതാക്കളൊന്നും യോഗത്തിനെത്തിയില്ലെന്നാണ് വിവരം.
ജില്ലാനേതാക്കള്‍ക്ക് ഓഫീസില്‍ ഓണസദ്യ നല്‍കണമെന്ന ഉദ്ദേശ്യത്തോടെയാണ് അടിയന്തരമായി തിങ്കളാഴ്ച യോഗംവിളിച്ചുചേര്ത്തതെന്നും അതുകൊണ്ടാണ് പലര്‍ക്കും യോഗത്തിന് എത്തിച്ചേരാന്‍ കഴിയാതെവന്നതെന്നാണ് ജില്ലാകമ്മറ്റിയുടെ വാദം.
പാര്‍ട്ടി നിശ്ചയിച്ച പരിപാടികള്‍ നേരത്തേ ഏറ്റുപോയതുകൊണ്ടാണ് പല നേതാക്കള്‍ക്കും യോഗത്തില്‍ എത്താന്‍ കഴിയാതെവന്നതെന്നുമാണ് ഇവര്‍ പറയുന്നത്.