ബംഗളൂരു: കാറിൽ നിയമവിരുദ്ധമായി രണ്ടു കോടി രൂപ കൊണ്ടുപോകുന്നതിനിടെ ബിജെപി ഓഫീസ് സെക്രട്ടറിയടക്കം രണ്ടുപേർ പിടിയിൽ. ബിജെപി സംസ്ഥാന ഓഫീസിലെ സെക്രട്ടറി ലോകേഷ്, വേങ്കിടേഷ് പ്രസാദ്, ഗംഗാധർ എന്നിവരാണ് പിടിയിലായത്.
കർണാടകയിലെ ചാംരാജ്പേട്ട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായതെന്നു ചീഫ് ഇലക്ടറൽ ഓഫീസർ അറിയിച്ചു.
പണം കണ്ടെത്തിയതിന് പിന്നാലെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. തുടർന്നു ബിജെപി ഭാരവാഹികളെ വിളിച്ചുവരുത്തി.
പണത്തിന്റെ ഉറവിടം നിയമവിധേയമാണെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ ആദായനികുതി നിയമലംഘനമില്ലെന്ന് അവർ അറിയിച്ചു.
എന്നാൽ, തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗനിർദേശം ലംഘിച്ചതിനും പണം ആർക്ക് കൊടുക്കാനായിരുന്നു എന്ന് വ്യക്തമാക്കാത്തതിനാലും ജനപ്രാതിനിധ്യ നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർചെയ്തു.