പയ്യന്നൂർ: പയ്യന്നൂരിൽ ബിജെപി ഓഫീസിനുനേരേ ബോംബേറ്. ബിജെപി പ്രവർത്തകന് മർദനം, സിപിഎം പ്രവർത്തകനെ വാഹനം ഇടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചതായും പരാതി. ഇന്നുരാവിലെ 11.15ഓടെയാണ് ബോംബേറ്. പയ്യന്നൂർ മുകുന്ദാ ആശുപത്രി റോഡിലുള്ള മാരാർജി മന്ദിരത്തിനുനേരേയാണ് ബോംബേറ് ഉണ്ടായത്.
ബിജെപി ഓഫീസിന്റെ ചുവരിൽതട്ടി ബോംബ് പൊട്ടുകയായിരുന്നു. രാവിലെ 11ഓടെ പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡിനടുത്ത് വച്ച് ബിജെപി പ്രവർത്തകനും പയ്യന്നൂർ താലൂക്ക് ആശുപത്രിക്കു സമീപത്തെ താമസക്കാരനുമായ രജിത്തിന് (33) മർദനമേറ്റു. പരിക്കേറ്റ രജിത്തിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നു രാവിലെ 9.45 ഓടെ ആർഎസ്എസിൽനിന്ന് സിപിഎമ്മിൽ ചേർന്ന കുന്നരു ബാങ്കിനു സമീപത്തെ ഡി. സിനുവിനെ (30) വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായും പരാതിയിലുണ്ട്. കണ്ടങ്കാളി ഭാഗത്തുനിന്നും പയ്യന്നൂരിലേക്ക് ബൈക്കിൽ വരുന്നതിനിടെ സ്റ്റേഡിയം റോഡിനു സമീപം വച്ച് ഇന്നോവകാർ ബൈക്കിനുനേരേ വരുകയായിരുന്നു.
ബൈക്ക് വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സിനുവിന് പരിക്കേറ്റു. ഇയാളെ പയ്യന്നൂർ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ജില്ലാ പോലീസ് മേധാവി ജി. ശിവവിക്രം പയ്യന്നൂരിലെത്തിയിട്ടുണ്ട്.