കോഴിക്കോട്: വിശ്വാസ സംരക്ഷണത്തിലൂന്നി ബിജെപിയുടെ പ്രകടന പത്രിക ഇന്ന് പ്രകാശനം ചെയ്യും. ക്ഷേത്രഭരണം നേരിട്ട് വിശ്വാസികളെ ഏല്‍പ്പിക്കുന്നതുള്‍പ്പെടെയുള്ള തീവ്രഹിന്ദുത്വ നിലപാടുകളിലൂന്നിയും മോദി ഇഫക്ട് പ്രതിഫലിപ്പിച്ചുമുള്ള പ്രകടന പത്രിക ഇന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പ്രകാശനം ചെയ്യും.
ശബരിമല ആചാര സംരക്ഷണത്തിനായി നിയമം, ഒരു വീട്ടില്‍ ഒരാള്‍ക്ക് ജോലി, കാര്‍ഷിക പെന്ഷന് ഒരുമിച്ച് വിതരണം തുടങ്ങിയ വാഗ്ദാനങ്ങളായിരിക്കും പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തുക.
ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് കഴിഞ്ഞ ദിവസം തന്നെ അന്തിമരൂപമായി. ലൗ ജിഹാദിനെതിരേ നിയമം, നഷ്ടപ്പെട്ട ക്ഷേത്രഭൂമി തിരിച്ചുപിടിക്കല്‍ തുടങ്ങിയവയും പത്രികയില്‍ ഇടം നേടും.
ഇടതു-വലതു മുന്നണികള്‍ പ്രകടന പത്രിക പുറത്തിറക്കിയശേഷമാണ് ബിജെപി പ്രകടന പത്രികയുമായി രംഗത്തെത്തുന്നത്.
പത്തനംതിട്ടയെ ശബരിമല ജില്ലയായി പ്രഖ്യാപിക്കുന്നതുള്‍പ്പെടെ തീവ്ര നിലപാടുകളാണ് ആര്‍എസ്എസ് ആശീര്‍വാദത്തോടെ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്താന്‍ നല്‍കിയത്. ഇതില്‍ ഭൂരിഭാഗവും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം.
അമിത് ഷാ അമര്‍ഷത്തില്‍
അതേസമയം തലശേരിയില്‍ സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിയതിനാല്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ഇവിടെ നടത്താനിരുന്ന റാലി മാറ്റിവച്ചത് പാര്‍ട്ടിക്ക് വലിയ ക്ഷീണമായി.
റാലിക്കായുള്ള എല്ലാ ഒരുക്കങ്ങളും ജില്ലാ കമ്മിറ്റി നേരത്തേതന്നെ ഒരുക്കിയിരുന്നു. ഇതിനിടയിലാണ് പത്രിക തള്ളിയത്. ഇതില്‍ അമിത് ഷാ അമര്‍ഷത്തിലാണ്.
ഇതുമായി ബന്ധപ്പെട്ട് ദേശീയ മാധ്യമങ്ങള്‍ വരെ വാര്‍ത്ത കൊടുത്തത് പാര്‍ട്ടിക്ക് വലിയ അവമതിപ്പുണ്ടാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പിനുശേഷം ഇക്കാര്യം പരിശോധിക്കുമെന്നാണ് പാര്‍ട്ടി നിലപാട്.
നിലവിലെ സാഹചര്യത്തില്‍ കോടതി വിഷയത്തില്‍ ഇടപെടാനാകില്ലെന്ന് അറിയിച്ചതോടെ സംസ്ഥാന നേതൃത്വവും പ്രതിസന്ധിയിലായി.
സ്ഥാനാര്‍ഥികളില്ലാത്തത് പാര്‍ട്ടിയെ ബാധിക്കുമെന്ന് ഇന്നലെ തന്നെ അമിത് ഷാ വ്യക്തമാക്കുകയും ചെയ്തു. പാര്‍ട്ടി പ്രവര്‍ത്തകര്‍ സിപിഎമ്മില്‍ നിന്നു വലിയ വെല്ലുവളി നേരിടുന്ന കണ്ണൂര്‍ ജില്ലയില്‍ തന്നെ ഇത് സംഭവിച്ചത് വലിയ ക്ഷീണമാണെന്ന് വിലയിരുത്തപ്പെടുന്നു.
മാത്രമല്ല ഇടതു-വലതുമുന്നണിക്ക് ബിജെപി ബന്ധം ആരോപിക്കാന്‍ ഇത് വഴിയൊരുക്കുകയും ചെയ്തു.