വ്യാജപ്രചരണങ്ങള്‍ക്കായി വ്യത്യസ്ത ഫോട്ടോഷോപ്പുകള്‍ പരീക്ഷിച്ച് സമൂഹത്തില്‍ തെറ്റിദ്ധാരണകള്‍ പരത്തുന്നത് ബിജെപിയുടെയും സംഘപരിവാറിന്റെയും സ്ഥിരം ഏര്‍പ്പാടായി മാറിയിരിക്കുകയാണ്. അത് പിന്നീട് മറ്റാരെങ്കിലും പൊളിച്ചടക്കുകയും ചെയ്യുകയാണ് പതിവ്.
പ്രധാനമന്ത്രി നരേന്ദ്രമോദി ബംഗാളില്‍ ഒരു റാലിക്കെത്തിയപ്പോള്‍ തടിച്ചുകൂടിയ ജനാവലി എന്ന പേരിലാണ് ചിത്രം സംഘപരിവാര്‍ അനുകൂലികള്‍ പ്രചരിപ്പിച്ചത്. എന്നാല്‍ അതും വ്യാജമായിരുന്നു എന്ന് തെളിവ് സഹിതം പുറത്തായിരിക്കുകയാണിപ്പോള്‍.
ഈ മാസം ഫെബ്രുവരി രണ്ടിനാണ് മോദി ബംഗാളിലെ പര്‍ഗനാസ് ജില്ലയില്‍ റാലിക്കെത്തിയത്. ഈ റാലിയുടേതെന്ന് പറഞ്ഞാണ് സംഘപരിവാര്‍ വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയടക്കമുള്ള മാധ്യമങ്ങള്‍ മോദിയുടെ ജനസ്വാധീനത്തെ കുറിച്ച് ഈ ചിത്രങ്ങള്‍ അടിസ്ഥാനമാക്കി വാര്‍ത്ത തയ്യാറാക്കിയിരുന്നു. എന്നാല്‍, ഇന്ത്യ ടുഡേ നടത്തിയ ഫാക്ട്‌ചെക്കിലാണ് സംഘപരിവാറിന്റെ കള്ളി പൊളിഞ്ഞത്.
ഫെബ്രുവരി മൂന്നിനാണ് ഗോധി വിജയ് എന്നയാള്‍ ബംഗാളിലെത്തിയ മോദിക്ക് ജനത്തിരക്ക് കൊണ്ട് പലതവണ പ്രസംഗം നിര്‍ത്തിവെക്കേണ്ടി വന്നെന്ന അടിക്കുറിപ്പോടെ സോഷ്യല്‍മീഡിയയില്‍ ഈ ചിത്രം ആദ്യമായി പങ്കുവെച്ചത്.
പിന്നീട് ഈ ചിത്രം വൈറലായി മാറുകയായിരുന്നു. എന്നാല്‍ റിവേഴ്‌സ് സെര്‍ച്ചില്‍ ചിത്രത്തിന്റെ യഥാര്‍ത്ഥ ഉറവിടം ഇന്ത്യ ടുഡേ കണ്ടെത്തുകയായിരുന്നു. ആദ്യത്തെ ചിത്രം 2014 ഫെബ്രുവരി അഞ്ചിന് പുറത്തുവന്ന ചിത്രമാണ്. രണ്ടാമത്തെ ചിത്രം 2013 നവംബര്‍ 17നാണ് എടുത്തിരിക്കുന്നത്. മൂന്നാം ചിത്രം മോദിയുടെ തന്നെ സ്വന്തം വെബ്‌സൈറ്റില്‍ 2017ല്‍ വന്നതാണന്നും കണ്ടെത്തി. ഈ ചിത്രങ്ങള്‍ക്കൊന്നും മോദിയുടെ ബംഗാള്‍ റാലിയുമായി ഒരു ബന്ധവുമില്ലെന്ന് സാരം.
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ കഴിഞ്ഞതവണത്തെ പോലെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍, വ്യാജചിത്രങ്ങളും ഫോട്ടോഷോപ്പുമായി ഇറങ്ങിയിരിക്കുകയാണ് സംഘപരിവാര്‍ എന്നാണ് ആരോപണം ഉയരുന്നത്. സോഷ്യല്‍മീഡിയ ഇക്കാര്യത്തില്‍ വലിയ രീതിയിലുള്ള ശ്രദ്ധ പുലര്‍ത്തുന്നതുകൊണ്ട് ഇത്തരം തട്ടിപ്പുകള്‍ പഴയതുപോലെ ഫലിക്കുന്നില്ലെന്നത് മാത്രമാണ് ഏക ആശ്വാസമെന്നാണ് വിലയിരുത്തല്‍.